സൗദി അറേബ്യയില്‍ വിദേശികളുടെ ആശ്രിതര്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതം നിര്‍ബന്ധിത അധിക ഫീസ് പ്രാബല്യത്തിലായി. ഇന്നു മുതല്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിക്കുന്നവര്‍ നിശ്ചിത ലെവി അടക്കണം.

സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ ആശ്രിതര്‍ക്ക്​ പ്രതിമാസം 100 റിയാല്‍ വീതം നിര്‍ബന്ധിത അധികഫീസ്​ പ്രാബല്യത്തിലായി. ഇതോടെ പദ്ധതിയെ കുറിച്ച്​ പ്രവാസികള്‍ക്കിടയില്‍ നിലനിന്ന ആശയക്കുഴപ്പം ഒഴിവായി. ഇഖാമ പുതുക്കുമ്പോള്‍ ലെവി അടച്ചാല്‍ മതി എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന സൂചനകള്‍ എന്നാല്‍ ഇന്നു മുതല്‍ റീ എന്‍ട്രി വിസ ലഭിക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക്​ നിശ്ചിത ലെവി അടക്കണമെന്ന് അറിയിപ്പുമായി​ അധികൃതര്‍ രംഗതെത്തി. ആശ്രിത ലെവി ബാങ്കുകളുടെ സദാദ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ 'അസോസിയേറ്റ് ഫീസ് ഫോര്‍ ആള്‍ റിലേറ്റീവ്‌സ്' എന്ന ഭാഗം ആരംഭിച്ചിട്ടുണ്ട്.

ഇഖാമ നമ്പറും കാലാവധി തീയതിയും നല്‍കിയാല്‍ എത്ര തുകയാണ് ലെവി ഇനത്തില്‍ അടക്കേണ്ടതെന്ന് ഇതില്‍ കാണിക്കും. ലെവി അടച്ച ശേഷമേ അബശിര്‍ വൈബ് സൈറ്റില്‍നിന്ന് റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ. റീ എന്‍ട്രി ഫീ മാത്രം അടച്ച് റീ എന്‍ട്രി വിസക്ക് ശ്രമിച്ചാല്‍ ആവശ്യമായ തുകയില്ല എന്ന മറുപടിയായിരിക്കും സൈറ്റില്‍ നിന്നും ലഭിക്കുക​. ആശ്രിത വിസയിലുള്ളവര്‍ക്ക് ഈ വര്‍ഷം 100 റിയാല്‍ വീതമാണ് പ്രതിമാസ ലെവിയായി അടക്കേണ്ടത്. ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1200 റിയാല്‍ എന്ന തോതില്‍ അടക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.