യോഗ്യതറൗണ്ടില്‍ മിന്നും ഫോമിലായിരുന്ന പോളിഷ് താരം അടിച്ചുകൂട്ടിയത് 16 ഗോളാണ്

മോസ്കോ: ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് പോളണ്ടിന്‍റെ റോബര്‍ട്ട് ലെവന്‍ഡോസ്കി. വലിയ ടൂര്‍ണമെന്‍റില്‍ തിളങ്ങാനാകാതെ പോയതോടെ ലെവന്‍ഡോസ്കിയുടെ കരിയര്‍ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

29കാരനായ റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ കന്നി ലോകകപ്പായിരുന്നു റഷ്യയില്‍. യോഗ്യതറൗണ്ടില്‍ മിന്നും ഫോമിലായിരുന്ന പോളിഷ് താരം അടിച്ചുകൂട്ടിയത് 16 ഗോളാണ്. ലോകകപ്പിന് മുന്പ് ഈ വര്‍ഷം കളിച്ച നാല് കളിയില്‍ നിന്ന് നാല് ഗോള്‍. എന്നാല്‍ ലോകകപ്പില്‍ പോളണ്ട് ജയിച്ചത് ഒറ്റ ഒരെണ്ണം മാത്രം. ലെവന്‍ഡോസ്കിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

3 മത്സരങ്ങളിലും മുഴുവന്‍ സമയവും കളിച്ചെങ്കിലും ഒരു ഗോള്‍ പോലുമില്ല ലെവന്‍ഡോസ്കിയുടെ പേരില്‍. പോസ്റ്റിലേക്ക് നിറയൊഴിച്ചത് മൂന്ന് തവണ മാത്രം. സാധ്യമാകുന്നതെല്ലാം ചെയ്തെന്നാണ് പുറത്തായ ശേഷം ലെവന്‍ഡോസ്കി പറഞ്ഞത്. 2012 , 2016 യൂറോയിലും ഒരു ഗോള്‍ മാത്രം നേടിയ ലെവന്‍ഡോവ്സ്കി ചാംപ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരങ്ങളിലും പതറുന്നത് പതിവ് കാഴ്ചയായിരുന്നു.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലും ബയേണ്‍ മ്യൂണിക്കിലുമായി 8 വര്‍ഷമായി കളിക്കുന്ന ജര്‍മന്‍ ലീഗില്‍ നിന്ന് മാറാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച 29കാരന് ട്രാന്‍സ്ഫര്‍ വിപണിയില്‍ മൂല്യം ഉയര്‍ത്താനും ലോകകപ്പില്‍ മികച്ച പ്രകടനം അനിവാര്യമായിരുന്നു. റയല്‍ മാഡ്രിഡായിരുന്നു ലക്ഷ്യം. എന്നാല്‍ സമ്മര്‍ദമേറുമ്പോള്‍ ലെവന്‍ഡോസ്കി തളരുമെന്നാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇപ്പോഴത്തെ അടക്കം പറച്ചില്‍.

ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്ന തുകക്ക് റയല്‍ പോളിഷ് താരത്തെ സ്വന്തമാക്കുമോ എന്ന് കണ്ടറിയണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും നേരത്തെ ലെവന്‍ഡോസ്കിയെ നോട്ടമിട്ടിരുന്നു. എന്നാല്‍ ലോകകപ്പിലെ പ്രകടനം പ്രീമിയര്‍ ലീഗ് ടീമുകളുടെ തീരുമാനത്തെയും ബാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.