കാസര്‍കോട്: ക്ഷേത്ര മുറ്റത്ത് മതസൗഹാര്‍ദ്ദത്തിന്റെ വായന വളരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ചീര്‍ക്കയം സുബ്രമണ്യ ക്ഷേത്ര കെട്ടിടത്തിലാണ് ഭഗവത്ഗീതയും ഖുറാനും ബൈബിളും നിറഞ്ഞ വായന വളരുന്നത്. സംസ്‌കൃതി ഒരുക്കിയിരിക്കുന്ന വന്‍ പുസ്തക ശേഖരത്തിലേക്ക് എല്ലാമതത്തിലുംപ്പെട്ടവര്‍ വായനക്കാരായി എത്തുന്നു. മനോഹരമായി അലങ്കരിച്ച വായനശാലയില്‍ പുരാണം, ഇതിഹാസം, ബാല സാഹിത്യം, ചെറുകഥ, യാത്ര വിവരണം, സഞ്ചാരം തുടങ്ങി ആയിരക്കണക്കിന് പുസ്തകങ്ങളാണ് ക്ഷേത്രമുറ്റം വായനക്കളരിയാക്കുന്നത്.
ജാതിമത ഭേദമില്ല, മതത്തിന്റെ വേലികെട്ടില്ല, രാഷ്ട്രീയമില്ല, ഏവര്‍ക്കും സ്വാഗതം എന്ന തലകെട്ടില്‍ പ്രവൃത്തിക്കുന്ന സംസ്‌കൃതിയുടെ ക്ഷേത്രമുറ്റത്തെ വായനശാലയുടെ പ്രവര്‍ത്തനം രാവിലെ ഏഴരമുതല്‍ രാത്രി എട്ടുവരെയാണ്. ഒരു നാട്ടിലാകെ അക്ഷര വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ നാടിന്റെ ഈ വായനശാലയ്ക്ക് ക്ഷേത്രകമ്മറ്റി മറ്റൊന്നാലോചിക്കാതെ കെട്ടിടം നല്‍കിയപ്പോള്‍ ഇവിടം മതസൗഹാര്‍ദ്ദ വേദിയായി മാറി. അദ്ധ്യാപകന്‍ രഞ്ജിത്ത് പി.നായര്‍ സെക്രട്ടറിയും വ്യാപാരി ദിപുമോന്‍ പ്രസിഡണ്ടായും ഉള്ള 12 പേരടങ്ങിയ യുവജനങ്ങള്‍ ചേര്‍ന്നാണ് നാടിന്റെ നമ്മയ്ക്ക് വായന എന്ന ലക്ഷ്യത്തോടെ ചീര്‍ക്കയം എന്ന ഗ്രാമത്തിലെ മതസൗഹാര്‍ദ വായനശാല ഒരുക്കിയിരിക്കുന്നത്. മുറിയുടെ വാടകയും പുസ്തകങ്ങള്‍ വാങ്ങാനുമായി യുവജന കൂട്ടായ്മയില്‍ മാസകുറി നടത്തിയാണ് സാമ്പത്തികം കണ്ടെത്തിയത്.
