ചെന്നൈ: ജീവപര്യന്തം തടവിന് ശിക്ഷിച്ച കുറ്റവാളിയ്ക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ നല്‍കി. ജയില്‍പ്പുള്ളികള്‍ക്ക് പരോള്‍ നല്‍കുന്നത് വാര്‍ത്തയാക്കാനില്ല. എന്നാല്‍ 40 കാരനായ ജയില്‍ അന്തേവാസിക്ക് പരോള്‍ നല്‍കിയത് വളരെ വ്യത്യസ്തമായൊരു ആവശ്യത്തിനാണ്.
നാല്‍പ്പതുകാരനായ ഇയാള്‍ക്കും 32കാരിയായ ഭാര്യയ്ക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ വേണ്ടിയാണ് കോടതി പരോള്‍ അനുവദിച്ചത്. കുഞ്ഞ് വേണമെന്ന യുവതിയുടെ ആവശ്യത്തെ നിരാകരിക്കാനാകില്ലെന്ന് പരോള്‍ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ പരോളെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം അസാധാരണ ആവശ്യങ്ങള്‍ക്ക് പരോള്‍ നല്‍കാമെന്നാണ് പരോള്‍ അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്.
പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്ക് കുഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കില്‍ പരോള്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി നല്‍കാമെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എസ് വിമല ദേവി, ടി കൃഷ്ണ പിള്ള എന്നിവര്‍ അറിയിച്ചു.
ഈ ദമ്പതികള്‍ക്ക് ഇതുവരെയും കുഞ്ഞ് പിറന്നിട്ടില്ല. വന്ധ്യതാ ചികിത്സയ്ക്കായി ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്നതായിരുന്നു ഭാര്യയുടെ ആവശ്യം. മറ്റ് രാജ്യങ്ങളിലെ ജയിലുകളിലേതുപോലെ ജയിലുകളില്‍ വൈവാഹിക ബന്ധത്തിന് അനുവദിക്കുന്നതിന് സാധ്യതയുണ്ടോ എന്ന് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
കുറ്റവാളികള്‍ക്ക് തങ്ങളുടെ കുടുംബവുമായുളള ബന്ധം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും ഇത് ജയില്‍ ജീവിതത്തില്‍ നല്ല അന്തേവാസികളെ വാര്‍ത്തെടുക്കുമെന്നും കോടതി വിലയിരുത്തി.
