ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിൽ 19കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാലു പ്രതികൾക്കും അതിവേഗ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഒക്ടോബർ 31 നാണ് സിവിൽ സർവീസ് പരിശീലന ക്‌ളാസിനു പോയി വീട്ടിലേക്ക് മടങ്ങി വന്ന 19 കാരിയെ നഗരമധ്യത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷൻന് സമീപത്തു വച്ച് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കേസ് എടുക്കാൻ പോലീസ് തയാറാകാഞ്ഞത് മധ്യപ്രദേശ് സർക്കാരിനെതിരെ വലിയ ജനരോക്ഷത്തിന് കാരണമായിരുന്നു. 

സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗോലു ബിഹാരി, അമര്‍ ഗുണ്ടു എന്നിവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയാണ് മാനഭംഗപ്പെടുത്തിയത്. പിന്നീട് ഇവരുടെ സുഹൃത്തുക്കളായ രാജേഷ്, രമേഷ് എന്നിവര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂറോളം മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതി. കല്ലുകൊണ്ട് തലയ്ക്കടിക്കുകയും കാലും കൈയ്യും കെട്ടിയിടുകയും ചെയ്തതായും പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്നു പണവും വാച്ചും തട്ടിയെടുക്കുകയും ചെയ്തു. 

പെണ്‍കുട്ടിയും മാതാപിതാക്കളും ഹബീബ്ഗഞ്ച്, എംപി നഗര്‍ പൊലീസിനെയും റെയില്‍വേ പൊലീസിനെയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കള്‍ തന്നെ പ്രതികളില്‍ രണ്ട് പേരെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് ശേഷമാണ് എംപി നഗര്‍ പൊലീസ് കേസെടുക്കുകയും മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പൊലീസിന്‍റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ മൂന്ന് സ്റ്റേഷനുകളിലെയും എസ്ഐമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്ഥലം എസ്പിയെ സ്ഥലം മാറ്റുകയും ചെയ്തു.