ദില്ലി: ശബരിമല ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ കനക ദുർഗക്കും ബിന്ദുവിനും വധഭീഷണി ഉണ്ടായെന്ന് അഭിഭാഷക സുപ്രീം കോടതിയില്‍. ശബരിമല സത്രീ പ്രവേശനവിധി പുനപരിശോധിക്കണമെന്നാവശ്യപെട്ട് ബിന്ദുവും കനക ദുര്‍ഗയും സമര്‍പ്പിച്ച ഹര്‍ജിയുടെ വാദം നടക്കുമ്പോഴാണ് അഭിഭാഷക  ഇന്ദിരാ ജൈസിംഗ് വധഭീഷണിയുടെ കാര്യം കോടതിയുടെ ശ്രദ്ധയില്‍ എത്തിച്ചത്.

നടയടച്ച് ശുദ്ധി ക്രിയ നടത്തിയ കാര്യം ഉന്നയിച്ച്  അഭിഭാഷക  ഇന്ദിരാ ജൈസിംഗ്  ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മക്ക് തെളിവാണെന്ന് സുപ്രീം കോടതിയില്‍ വാദിച്ചു. ദര്‍ശനം നടത്തിയതിന്റെ പേരില്‍ കനക ദുർഗക്കും ബിന്ദുവിനും വധഭീഷണി ഉണ്ടായെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. ബിന്ദുവിന്റെ അമ്മക്കും വധ ഭീഷണി ഉണ്ടെന്നും ഇന്ദിരാ ജൈസിംഗ് കോടതിയെ അറിയിച്ചു. ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണെന്നും ഇവര്‍ വാദിച്ചു. 

വിശ്വാസികളെ സ്ത്രീകളായോ പുരുഷന്മാരായോ അയ്യപ്പൻ കാണുന്നില്ലെന്ന് ഇന്ദിരാ ജൈസിംഗ് വാദിച്ചു. ദൈവത്തിന്റെ മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണ്, ഒരു സ്ത്രീയ്ക്ക് ക്ഷേത്രത്തിൽ പോകണം എന്നാണ് വിശ്വാസമെങ്കിൽ അത് സംരക്ഷിക്കപ്പെടണമെന്നും ഇന്ദിരാ ജൈസിംഗ് കോടതിയില്‍ വാദിച്ചു. സ്ത്രീകൾ യുദ്ധത്തിന് വരെ പോകാറില്ലേ എന്ന് ഇന്ദിര ജയ്സിംഗ് കോടതിയില്‍ വാദിച്ചു.