നടന്‍ അല്ലു അര്‍ജ്ജുന്‍റെ ഏറ്റവും പുതിയ ചിത്രം 'എന്‍റെ പേര് സൂര്യ എന്‍റെ വീട് ഇന്ത്യ' എന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കിയ സിനിമാ നിരൂപക അപര്‍ണ്ണാ പ്രശാന്തിയ്ക്ക് നേരെ വെര്‍ബല്‍ റേപ്പുമായി അല്ലു അര്‍ജ്ജുന്‍ ഫാന്‍സ്. ''അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തീയറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ'' എന്നെഴുതിയ അപര്‍ണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് കൊല്ലുമെന്ന ഭീഷണി ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി അല്ലു അര്‍ജ്ജുന്‍ ഫാന്‍സ് എന്ന് സ്വയം വിശേഷിപ്പിച്ച് ഒരു കൂട്ടം ആളുകള്‍ ആക്രമണം നടത്തുന്നത്. 

സ്വന്തം  അഭിപ്രായം രേഖപ്പെടുത്തുന്ന സ്ത്രീകളുടെ ഫേസ്ബുക്ക് പ്രൊഫൈലിലും ഇന്‍ബോക്സിലും ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിക്കുന്നത് സ്ഥിരം കാഴ്ചയാകുന്ന സാഹചര്യത്തില്‍ തനിക്കെതിരായ ആക്രമണത്തില്‍ സൈബര്‍ സെല്ലിലും ഹൈടെക് സെല്ലിലും പരാതി നല്‍കിയതായി അപര്‍ണ്ണ പ്രശാന്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അച്ഛന്‍റെ സഹോദരന്‍റെ മകനാണ് തന്‍റെ കൂടെ ഉണ്ടായിരുന്നത്. തന്‍റെ അനുജനെയും ചേര്‍ത്താണ് ആളുകള്‍ മോശമായ കമന്‍റുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. കൊല്ലുമെന്നുള്ള കമന്‍റുകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ് പോസ്റ്റിന് താഴെ. നിയമപരമായി ഏതറ്റം വരെയും മുന്നോട്ട്  പോകുമെന്നും അപര്‍ണ്ണ പറഞ്ഞു. ഇതൊക്കെ കേൾക്കാൻ എന്നെ പോലുള്ളവർ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാൻ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെൺ പ്രൊഫൈലുകൾ എന്ന് കരുതുന്നവർക്കെതിരെ പറ്റാവുന്ന എല്ലാ ഊർജവും എടുത്ത് പ്രതികരിക്കുമെന്ന് അപര്‍ണ്ണ പറഞ്ഞു. 

'' മുഖമില്ലാതെ "മെസ് " ഡയലോഗുകൾ അടിക്കുന്നവർക്കു സ്വന്തം പ്രൊഫൈലിൽ നിന്ന് "കമന്റ്‌ ഇടാൻ ഉള്ള "" തന്റേടം" "അല്ലു ഏട്ടൻ" തരാത്തത് കഷ്ടമായി പോയി..പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോൽപിച്ച അങ്ങേരെ നിങ്ങൾ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി. മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന നിഷ്കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല '' - സംഭവത്തില്‍ പ്രതികരിച്ച് അപര്‍ണ്ണ ഫേസ്ബുക്കില്‍ കുറിച്ചു.