പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സുവിശേഷകന് ജീവപര്യന്തം ശിക്ഷ. തൃശൂര്‍ പീച്ചിയില്‍ 13 കാരിയെ പീഡിപ്പിച്ച കേസിലാണ് കോട്ടയം സ്വദേശി സനില്‍ കെ ജയിംസിനെ തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. നിലവില്‍ പ്രതി സമാനമായ മറ്റൊരു കേസില്‍ തടവിലാണ്.
   
തൃശൂര്‍ പീച്ചിയില്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് എന്ന വിശ്വാസ സമൂഹത്തിന്റെ പാസ്റ്ററായി പ്രവര്‍ത്തിക്കുന്ന സമയത്താണ് കോട്ടയം നെടുങ്കണ്ടം സ്വദേശി സനില്‍ കെ ജയിംസ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളില്‍ സാമൂഹ്യനീതി വിഭാഗം നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്താകുന്നത്. 2013 മുതല്‍ രണ്ട് വര്‍ഷത്തോളം പല തവണ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചില്‍ വച്ചും പീച്ചിയിലെ പാസ്റ്ററുടെ വസതിയില്‍ വച്ചുമായിരുന്നു പീഡനം. സംഭവത്തില്‍ പ്രതിയെ തൃശൂര്‍ പോക്‌സോ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പ്രതി 50000 രൂപ പിഴയും ഒടുക്കണം. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കുറ്റം വളരെ ഗുരുതരമായതിനാല്‍ വിധി സമൂഹത്തിന് ഒരു പാഠമാകണമെന്നും കോടതി വ്യക്തമാക്കി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. പെണ്‍കുട്ടിയുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍  ജയിലില്‍ 40 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍ ഇപ്പോള്‍.