ലിഗയുടേത് കൊലപാതകമെന്ന് സംശയം വര്‍ദ്ധിക്കുന്നു
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ശ്വാസം മുട്ടി മരിച്ചതാകാമെന്ന് മൃതദേഹ പരിശോധന നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ലിഗയുടെ സഹോദരിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തലവൻ ഐജി മനോജ് എബ്രഹാം വിവരങ്ങൾ ശേഖരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ഡോക്ടമാർ പൊലീസിന് കൈമാറിയിട്ടില്ല. പക്ഷെ നൽകിയ വിവരം അനുസരിച്ച് മരണം ശ്വാസം മുട്ടിയാണ്. ആരെങ്കിലും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വന്ന ശേഷമോ ഉറപ്പിക്കാനാകൂ. മൃതശരീരത്തിൽ നിന്നും കിട്ടിയ ജാക്കറ്റും ചെരിപ്പുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.
രണ്ടും ലിഗയുടേതല്ലെന്ന് സഹോദരിയും ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവറും പറഞ്ഞിരുന്നു.വാഴമുട്ടത്തെ ആളൊഴിഞ്ഞ കായൽപ്പരപ്പിലേക്ക് ഒരു വിദേശ വനിത നേരത്തെ പോകുന്നത് കണ്ടതായി സമീപവാസികളായ രണ്ട് യുവാക്കൾ പൊലീസിന് മൊഴി നൽകി. അടുത്തുള്ള ഒരു സ്ത്രീ പറഞ്ഞ വിവരമെന്നാണ് അറിയിച്ചത്.
പക്ഷെ സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം നിഷേധിച്ചു. മൃതദേഹം നേരത്തെ സമീപത്തെ ആരെങ്കിലും കണ്ടിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ലിഗയുടെ സഹോദരി എലിസയിൽ നിന്നും ഐജി വിവരങ്ങൾ ആരാഞ്ഞു. ആദ്യഘട്ടത്തിലെ അന്വേഷണത്തിനെതിരെ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ കൂടിയാണിത്. സംശയങ്ങൾ എലിസ എഴുതി നൽകി. മൃതശരീരത്തിൻറെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
