ലിഗയുടെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് സഹോദരി തുടക്കത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച വിദേശ വനിത ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനാ ഫലവും ഇന്ന് കിട്ടും. കൊലപാതകം തന്നെയെന്ന് സഹോദരി എലിസ ഏഷ്യാനെറ്റ് ന്യൂസിനോട് ആവർത്തിച്ചു.
ശാസ്ത്രീയപരിശോധനഫലത്തോടെ മരണത്തിലെ ദുരൂഹതകളേറെ മാറുമെന്ന പ്രതീക്ഷയിലാണ് എലിസയെും പൊലീസും. തുടക്കത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി. പക്ഷെ ഐജിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയെയും ഉടൻ കാണാനാണ് ശ്രമിക്കുമെന്നും ഇവര് വിശദമാക്കി.
മൃതദേഹം കണ്ടെത്തിയ വാഴമുട്ടം കേന്ദ്രീകരിച്ചാണ് അന്വേഷണം. കായലിനോട് ചേർന്ന കുറ്റിക്കാട്ടിൽ സ്ഥിരം എത്തുന്നവർ ആരൊക്കെ എന്ന് അന്വേഷണം തുടങ്ങി. പ്രദേശത്തെ ചിലരെ ചോദ്യം ചെയ്തു. വിദേശവനിതയുടെ ദുരൂഹമരണത്തിൽ കുടുംബത്തിന്റെ പരസ്യവിമർശനത്തോടെ പൊലീസ് കടുത്ത സമ്മർദ്ദത്തിലാണ്. വരാപ്പുഴ കസ്റ്റഡിമരണത്തിന് പിന്നാലെയുള്ള സംഭവം സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിക്കഴിഞ്ഞു.
