ഷാജിയുടെ ഓട്ടോയില്‍ ലിഗ കോവളത്തെത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഐറിഷ് സ്വദേശി ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാജി. മൃതദേഹത്തിലുള്ള വസ്‌ത്രമായിരുന്നില്ല കാണാതാകുമ്പോള്‍ ലിഗ ധരിച്ചിരുന്നതെന്ന് ഷാജി പറഞ്ഞു. അരുവിക്കരകോണത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലിഗയെ കാണാതാകുന്നത്. മാര്‍ച്ച് 14ന് ഷാജിയുടെ ഓട്ടോയിലാണ് കോവളത്തേക്ക് ലിഗ പോയത്. ലിഗയുടെ സ്വഭാവത്തില്‍ അസ്വാഭാവികതയൊന്നുമുണ്ടായില്ലെന്നും യാത്രക്കിടെ പുകവലിച്ചിരുന്നതായും മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് അന്നുണ്ടായിരുന്നില്ലെന്നും ഷാജി പറയുന്നു.

ഷാജിയുടെ ഓട്ടോയില്‍ ലിഗ കോവളത്തെത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചികിത്സയിലിരിക്കുമ്പോള്‍ ലിഗയുടെ സ്വഭാവത്തില്‍ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍‍ ദിവ്യയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ലിഗയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധന ഫലം നാളെ ലഭിക്കും.

ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒഴിഞ്ഞ പ്രദേശത്ത് പ്രത്യേകസംഘം ഇന്ന് പരിശോധന നടത്തി. ഒറ്റപ്പെട്ട ഈ പ്രദേശത്ത് ഒരു വിദേശി എങ്ങനെ എത്തി എന്നാണ് പൊലീസിനെ കുഴക്കുന്നത്. ഇത് കണ്ടെത്താനാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.