ഹാപ്പി ബർത്ത്ഡേ മെസ്സി! മെസ്സിയുടെ 31 ആം ജന്മദിനം ലോകകപ്പില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകര്‍

അർജന്‍റീന സൂപ്പർ താരം ലിയൊണൽ മെസ്സിക്ക് ഇന്ന് 31 ആം പിറന്നാൾ. ലിയൊണല്‍ മെസ്സി, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോക ഫുട്ബോള്‍ ഈ 31 കാരന് ചുറ്റുമാണ്. ആരാധകര്‍ മിശിഹയെന്നും സുഹൃത്തുക്കള്‍ ലിയോയെന്നും വിളിക്കുന്ന മെസ്സി. ലോകകപ്പിൽ അർജന്‍റീന പുറത്താക്കലിന്‍റെ വക്കിൽ നിൽക്കേ മെസ്സിയുടെ ബൂട്ടുകൾ അടുത്ത മത്സരത്തിൽ അദ്ഭുതം കാട്ടി ടീമിനെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഫുട്ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും മെസ്സിയുടെ പേരിലുണ്ട്. പക്ഷെ ഒരു ലോകകിരീടം. അതിനായുള്ള കാത്തിരിപ്പ് ആരാധകരും മെസ്സിയും തുടങ്ങിയിട്ട് കാലമൊരുപാടായി. ആ സ്വര്‍ണക്കപ്പ് ഇക്കുറി മെസ്സിയുടെ കൈകളിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ആദ്യ റൗണ്ട് അവസാനിക്കുന്പോള്‍ത്തന്നെ മെസ്സിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങേണ്ടിവരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ബാക്കി. ഗോളടിക്കാതെ, അടിപ്പിക്കാനാകാതെ മുഖം പൊത്തി നില്‍ക്കുന്ന മെസ്സിയുടെ ചിത്രം. ലോകകപ്പില്‍ അര്‍ജന്‍റീനയുടെ രണ്ട് മത്സരങ്ങള്‍ കഴിയുന്പോള്‍ ഈ ചിത്രമാണ് ആദ്യം ഓര്‍മയിലെത്തുന്നത്. 

പക്ഷെ കഴിഞ്ഞ ലോകകപ്പില്‍ ജന്മദിനത്തിന്‍റെ തൊട്ടടുത്ത ദിവസം നൈജീരിയക്കെതിരെ ഇരട്ടഗോളടിച്ച് ടീമിനെ ജയിപ്പിച്ച മെസ്സിക്ക് ഇത്തവണ മറികടക്കാനുള്ളതും അതേ നൈജീരിയയെ തന്നെയാണ്. ഇനിയൊരു അവസരമില്ല മെസ്സിക്ക്. മരണത്തില്‍ നിന്ന് ജയിച്ചുകയറാന്‍. ആരാധകരെ ഇരുട്ടില്‍ നിന്ന് സ്വപ്നത്തിലേക്കെന്നോണം ഉണര്‍ത്താന്‍ മെസ്സിക്കായിട്ടുണ്ട് പലവട്ടം. ഒരിക്കല്‍ കൂടി ഈ മാന്ത്രികസ്പര്‍ശം മെസ്സിയില്‍ നിന്നുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു പക്ഷെ അതിനായില്ലെങ്കിലും അവരുടെ ചങ്കായി. ചങ്കിടിപ്പായി ലിയോ ഇനിയും വിസ്മയം തീര്‍ത്തുകൊണ്ടേയിരിക്കും.