മലപ്പുറം: തിരൂരില്‍ അനധികൃത മദ്യവില്‍പ്പനക്കിടെ പിടിയിലായ  സ്ത്രീകളടക്കമുള്ള  മൂന്നു തമിഴ്നാട് സ്വദേശികളെ കോടതി റിമാന്റ് ചെയ്തു. മാഹിയില്‍ നിന്ന് മദ്യം വൻതോതില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുന്ന സംഘത്തെ ഇന്നലെയാണ് എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

തമിഴ്നാട് സ്വദേശി മുരുകനാണ് ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് 24 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശമദ്യം പിടികൂടി.ചോദ്യം ചെയ്തതില്‍ നിന്ന് മാഹിയില്‍ നിന്ന് ഇവരുടെ സംഘം വൻ തോതില്‍ വിദേശമദ്യം കൊണ്ടുവന്നിട്ടുണ്ടെന്നും വില കൂട്ടി വില്‍ക്കുന്നുണ്ടെന്നും എക്സൈസ് അധികൃതര്‍ക്ക് മനസിലായി. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് തൃക്കണ്ടിയൂരിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11 കുപ്പി മദ്യം കണ്ടെടുത്തു.

പുതുച്ചേരിയില്‍ മാത്രം വില്‍പ്പനക്ക് അനുമതിയുള്ള മദ്യമായിരുന്നു ഇത്. കാഞ്ചിപുരം സ്വദേശി മുനിയമ്മയെ ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തു.പിന്നാലെ ഇവരുടെ സംഘത്തിലെ വള്ളിയെന്ന സ്ത്രീയേയും എക്സൈസ് അധികൃതര്‍ പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് 12 കുപ്പി മദ്യവും കണ്ടെടുത്തു.

ഏറെനാളായി ഈ സംഘം അനധികൃത മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇവരുടെ സംഘത്തിൽ കൂടുതൽ പേരുള്ളതായി എക്സൈസ് അധികൃതർക്ക് വിവരം കിട്ടിയിട്ടുണ്ട്. അന്വേഷണം തുടരുമെന്ന് എക്സൈസ് അറിയിച്ചു.