തൃശ്ശൂർ: ചാലക്കുടിയിൽ വീട്ടിൽ നിന്നും 200 ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.  കലിക്കൽ സ്വദേശി സുകുമാരന്റെ വീട്ടിൽ നിന്നാണ് ഇവ എക്സൈസ് സംഘം പിടികൂടിയത്. ക്രിസ്മസ്, ന്യൂ ഇയർ വിപണി ലക്ഷ്യമിട്ടുള്ള ചാരായ നിർമ്മാണം നടക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ എക്സൈസ് സംഘം ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് കലിക്കൽ സുകുമാരന്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. പറന്പിൽ കുഴിച്ചിട്ട നിലയിൽ 200 ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവും കണ്ടെടുത്തു. രണ്ട് മാസമായി ചാരായം നിർമ്മിക്കുന്നതായി സുകുമാരൻ സമ്മതിച്ചിട്ടുണ്ട്. ക്രിസ്മസ്, ന്യൂ ഇയർ വിപണി ലക്ഷ്യമിട്ടായിരുന്നു നിര്‍മാണം.

ജില്ലയിൽ പരിശോധന ശക്തമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം മേലൂർ പുഷ്പഗിരിയിൽ നിന്നും 100 ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവും പിടികൂടിയിരുന്നു.