തിരുവനന്തപുരം റൂറൽ എആർ ക്യാംപിൽ നിന്നു മാത്രം 45 പേരെയാണ് ദാസ്യപ്പണിക്ക് നിയമിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ആംഡ് ബറ്റാലിയൻ ക്യാംപുകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും സഹായികളായും ഓഫീസ് ജീവനക്കാരായും പോയവരുടെ കണക്കുകൾ പുറത്തു വന്നു തുടങ്ങി. തിരുവനന്തപുരം റൂറൽ എആർ ക്യാംപിൽ നിന്നു മാത്രം 45 പേരെയാണ് ദാസ്യപ്പണിക്ക് നിയമിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇവരുടെ നിയമനം സംബന്ധിച്ച് ഔദ്യോഗികമായി ഒരു രേഖയുമില്ല. വാക്കാലുള്ള നിർദേശപ്രകാരമാണ് ഇത്രയും പേർ ജോലി ചെയ്യുന്നത്. ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പദവികളെ ഉദ്യോഗസ്ഥരുടെ സഹായികളാണ് ക്യാംപ് ഫോളോവർമാരെ നിയമിക്കിക്കുന്നത്.
റൂറൽ എ.ആർ ക്യാംപിൽ നിന്നും 45 പേരെ മാത്രമാണ് ദാസ്യപ്പണിക്ക് വിട്ടതെങ്കിൽ സിറ്റി എആർ ക്യാംപിൽ നിന്ന് ഇരുന്നൂറ് പേരെങ്കിലും ദാസ്യപ്പണിക്ക് നിയോഗിക്കപ്പെട്ടിരിക്കും എന്നാണ് കരുതുന്നത്. ഇതേരീതിയിൽ മറ്റു പോലീസ് ജില്ലകളിൽ നിന്നുള്ള കണക്കുകൾ കൂടി വരുന്നതോടെ ക്യാംപ് ഫോളോവർമാരായി ദാസ്യപ്പണി ചെയ്യുന്നവരുടെ എണ്ണം വല്ലാതെ കൂടും.
ക്യംപ് ഫോളോവർമാരായി ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ കൃത്യമായ എണ്ണം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ലഭ്യമാക്കാണമെന്നാണ് ബറ്റാലിയൻ എഡിജിപി ആനന്ദ്കൃഷ്ണൻ ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
