ദില്ലി: കെപിസിസി പുനസംഘടനാ പട്ടികയിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത എ,ഐ ഗ്രൂപ്പുകൾക്ക് താക്കീതുമായി ഹൈക്കമാൻഡ്. സംസ്ഥാന ഘടകത്തിന്‍റെ നിലപാട് ധിക്കാരമാണ്. സമവായം ഉണ്ടായില്ലെങ്കിൽ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യം കെപിസിസി പ്രസിഡന്‍റ് എം.എം. ഹസനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

യുവാക്കൾക്കും സ്ത്രീകൾക്കും പട്ടികയിൽ സംവരണം നൽകാത്തതിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സമിതിയെ അതൃപ്തി അറിയിച്ചതായാണ് വിവരം. പട്ടിക തയാറാക്കുന്നതിൽ എംപിമാരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തണമെന്നും നേതാക്കൾ കേരളത്തിന്‍റെ ചുമതലയുള്ള മുകുൾ വാസ്നികുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും രാഹുൽ നിർദേശം നൽകി.

അതേസമയം എ, ഐ ഗ്രൂപ്പുകൾ ചേർന്ന് തയാറാക്കിയ 282 പേരുടെ പട്ടിക മാറ്റാൻ കഴിയില്ലെന്നാണ് ഇരുഗ്രൂപ്പ് നേതാക്കളുടെയും വാദം. ഇക്കാര്യം കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ വഴി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. 282 പേരുടെ പട്ടികയ്ക്ക് പുറമേ ഹൈക്കമാൻഡിന് ആവശ്യമെങ്കിൽ കൂടുതൽ പേരെ ചേർക്കാമെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. ഗ്രൂപ്പുകൾ കെപിസിസി ഭാരവാഹി പട്ടികയിൽ ഇഷ്ടക്കാരെ കുത്തിക്കയറ്റിയെന്ന വ്യാപക പരാതി ഹൈക്കമാൻഡിന് നേരത്തേ ലഭിച്ചിരുന്നു.