ദില്ലി: ഊബർ ​ഡ്രൈവറെ കൊലപ്പെടുത്തി ഓവു ചാലിൽ താഴ്ത്തിയ ലിവിങ് ടുഗെതർ ദമ്പതികൾ അറസ്റ്റിൽ. ഫർഹത് അലി (34), സീമ ശർമ (30) എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. റാം ഗോവിന്ദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ​ഗോവിന്ദിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ജനുവരി 29 നാണ് ഗോവിന്ദിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ശേഷം നടന്ന അന്വേഷണത്തിൽ കാണാതായ ദിവസം  മണ്ഡൻഗിറിൽനിന്ന് കപക്ഷേറയിലേക്ക് ഇയാള്‍ ഓട്ടം പോയതായും തുടർന്ന് മെഹറൗലി - ഗുരുഗ്രാം റോ‍ഡിൽവച്ച് കാറിലെ ജിപിഎസ് പ്രവർത്തനം അവസാനിച്ചതായും പൊലീസ് കണ്ടെത്തി. ശേഷം അവസാനമായി ഊബറിനെ ബന്ധപ്പെട്ട ദമ്പതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും ഇവരുടെ ഫോൺ സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഇവരാണ് കുറ്റവാളികൾ എന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.

സംഭവ ദിവസം ലിവിങ് ടുഗെതർ ദമ്പതികൾ ദില്ലി എംജി റോഡിൽനിന്ന് ഗാസിയാബാദിലേക്ക് ഓട്ടം വിളിച്ചു. എന്നാൽ പകുതി ദൂരം ചെന്നപ്പോൾ ഇവർ റാം ​ഗോവിന്ദിനെ തന്ത്രത്തിൽ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി. ഇവിടെവെച്ച് ദമ്പതികൾ ​ഗോവിന്ദിന് മയക്കുമരുന്ന് കലർത്തിയ ചായ നൽകുകയും ചെയ്തു. ശേഷം ഇയാളെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് പിറ്റേദിവസം  ബ്ലേഡുകളും കത്തി പോലുള്ള ആയുധങ്ങളും ഉപയോഗിച്ച് ഗോവിന്ദിന്റെ മൃതദേഹം കഷ്ണങ്ങളായി മുറിച്ചു.ശേഷം മൂന്ന് കെട്ടുകളിലാക്കിയ മൃതശരീരം ഗ്രേറ്റർ നോയിഡയിലെ ഓവുചാലിൽ ഉപേക്ഷിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ​ഗോവിന്ധിന്റെ ഫോണും കാറും ദമ്പതികളുടെ വീട്ടിൽ നിന്നും കണ്ടെത്തിയതായും മോഷണത്തിനായിട്ടാണ് കൊല നടത്തിയതെന്നും പൊലീസ് അറിയിച്ചു.