ദില്ലി: കാര്‍ഷിക വായ്പകൾ എഴുതിത്തള്ളുന്നതിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വായ്പ എഴുതിത്തള്ളല്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. വായ്പ എഴുതി തള്ളുക എന്നത് ഒരു അവസാന പരിഹാരമാർഗമല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. കർഷകരോടൊപ്പം സാമ്പത്തിക സംവിധാനത്തെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ വായ്പകള്‍ എഴുതിത്തള്ളാവു. അതുകൊണ്ട് തന്നെ കടം എഴുതിത്തള്ളലല്ല അവസാനത്തെ പോംവഴിയെന്നും നായിഡു പറഞ്ഞു.
കര്‍ണാടക സർക്കാർ 8,167 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ് സർക്കാരുകളും കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള നീക്കത്തിലാണ്.
