കൊച്ചിയില്‍ ലോഡ്ജ് കവര്‍ച്ച, ഏഴംഗ സംഘം അറസ്റ്റില്‍

കൊച്ചിയില്‍ ലോഡ്ജില്‍ കയറി റിസപ്ഷനിസ്റ്റിനെ ആക്രമിച്ചു ശേഷം കവര്‍ച്ച നടത്തിയ ഏഴംഗ സംഘത്തെ സെന്‍ട്രല്‍ പൊലീസ് പിടികൂടി. സംഘത്തിലെ രണ്ടു പേര്‍ സ്ത്രീകളാണ്.

നോര്‍ത്ത് പറവൂര്‍ കൊടുവള്ളി സ്വദേശി ഇന്ദു, വൈക്കം സ്വദേശി ഷൈജി, ഇടുക്കി വെണ്മണി സ്വദേശി ആന്റോ ജോസഫ്, കൊല്ലം പള്ളിത്തോട്ടം സ്വദേശി അല്‍ത്താഫ്, കൊടുങ്ങല്ലൂര്‍ സ്വദേശി വിഷ്‍ണു, ചേന്ദമംഗലം സ്വദേശികളായ അരുണ്‍, നിതിന്‍ എന്നിവരാണ് പിടിയിലായത്. കൊച്ചി പുല്ലേപ്പടിയിലെ മെറിഡിയന്‍ റീജന്‍സി എന്ന ലോഡ്ജില്‍ ഇന്ന് വെളുപ്പിനാണ് ഇവര്‍ അക്രമവും കവര്‍ച്ചയും നടത്തിയത്. ആദ്യം സംഘത്തില്‍പെട്ട സ്‍ത്രീകള്‍ ലോഡ്ജിനുള്ളില്‍ കയറി റിസപ്ഷനിലുണ്ടായിരുന്ന ഷിയാസ്‍നോട് മുറിയുടെ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. ഇതിനിടെ സ്‍ത്രീകളില്‍ ഒരാള്‍ ഫോണില്‍ മറ്റു സംഘാംഗങ്ങളെ വിളിച്ചു വരുത്തി. ആദ്യമെത്തിയ സംഘം ലോഡ്ജില്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചു. മറ്റുള്ളവര്‍‌ കത്തിയും ട്യൂബ് ലൈറ്റും കമ്പിവടിയുമായി അകത്തു കയറി യുവാവിനെ റൂമില്‍ കൊണ്ട് പോയി കമ്പി വടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്‍തു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന 17000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. സംഭവം കണ്ട സഹപ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തുന്നതറിഞ്ഞ് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.


സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സെന്‍ട്രല്‍ സിഐ അനന്തലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

.