ദില്ലി: സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പാര്‍ലമെന്‍റിൽ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം തുടരും. രാവിലെ സഭാ കവാടത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധ ധര്‍ണ്ണ നടത്തും. സസ്പെൻഷൻ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് സഭക്കുള്ളിലും പ്രതിഷേധം ശക്തമാക്കും. ഇന്നലെ ബഹളത്തെ തുടര്‍ന്ന് ലോക്സഭ രണ്ടുതവണ തടസ്സപ്പെട്ടിരുന്നു. 

ദളിതര്‍ക്കുനേരെയും ന്യൂനപക്ഷങ്ങൾക്കുനേരെയും ഉണ്ടാകുന്ന ആൾക്കൂട്ട അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ സ്പീക്കര്‍ക്കുനേരെ കടലാസ് കീറി എറിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ ഉൾപ്പടെ ആറ് കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ അഞ്ച് ദിവസത്തേക്ക് സസ്പെന്‍റ് ചെയ്തത്.