ഇന്നും ബില്ലുകൾ ചര്‍ച്ചയില്ലാതെ പാസായി ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലിന് അംഗീകാരം ഗ്രാറ്റുവിറ്റി പരിധി  20 ലക്ഷമാകും

ദില്ലി: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ഗ്രാറ്റുവിറ്റി ആനുകൂല്യം നൽകുന്ന ഗ്രാറ്റുവിറ്റി ഭേദഗതി ബില്ല് ലോക്സഭ ചര്‍ച്ച കൂടാതെ പാസാക്കി. വോട്ടെടുപ്പും ചര്‍ച്ചയും വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളിയാണ് ശബ്ദവോട്ടോടെ ലോക്സഭ ബില്ല് പാസാക്കിയത്. 

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് തെലുഗ് ദേശം പാര്‍ട്ടി, വൈ എസ് ആര്‍ കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ശബ്ദവോട്ടോടെ പേയ്മെന്‍റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്ല് ലോക്സഭ പാസാക്കിയത്. പരാമവധി ഗ്രാറ്റുവിറ്റി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കുന്ന ബില്ലാണ് ലോക്സഭ അംഗീകരിച്ചത്. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കര്‍ തള്ളി. 

അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കാൻ സഹായിക്കുന്ന സ്പെസിഫിക് റിലീഫ് ഭേദഗതി ബില്ലും ലോക്സഭ ചര്‍ച്ച കൂടാതെ പാസാക്കി. ഈ മാസം 31ന് വിരമിക്കുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി ബില്ലിന്‍റെ ആനുകൂല്യം കിട്ടണമെങ്കിൽ ഈ സമ്മേളനത്തിൽ തന്നെ രാജ്യസഭ ബില്ല് പാസാക്കണം