സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ചുമതല എല്ലാ സ്റ്റേഷനിലും പരിശീലനം കിട്ടിയ 2 പേര്‍ സങ്കീര്‍ണ്ണമായ കേസുകള്‍ സൈബര്‍ സെല്ലിന് കൈമാറാം കേരളത്തിന്‍റെ നേട്ടമെന്ന് പോലീസ് മേധാവി

തിരുവനന്തപുരം: സൈബര്‍ കേസുകള്‍ ഇനി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളും അന്വേഷിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇതോടെ എല്ലാ പോലീസ് സ്റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.

ഓരോ പോലീസ് സ്റ്റേഷനിലും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. സാങ്കേതിക സഹായങ്ങള്‍ക്കായി പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനവും ഓരോ പോലീസ് സ്റ്റേഷനിലും ലഭ്യമാക്കും. 

സൈബര്‍ കേസുകള്‍ ,സൈബര്‍ സെല്ലില്ലേക്ക് അയയ്ക്കുന്നതിനു പകരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍തന്നെ അന്വേഷിക്കും. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരെ മറ്റു ജോലികള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. മറ്റു ചുമതലകളോ, സ്ഥലം മാറ്റമോ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ റേഞ്ച് ഐജിമാരുടെ അറിവോടെ മാത്രമേ അതു ചെയ്യാവൂ. തുടര്‍ പരിശീലനത്തിനായി തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.സങ്കീര്‍ണമായ കേസുകളില്‍ സൈബര്‍ സെല്ലിനെ അന്വേഷണം ഏല്‍പ്പിക്കാം. റേഞ്ച് ഐ.ജി മാര്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസുകള്‍ സൈബര്‍ പോലീസ് സ്റ്റേഷനു കൈമാറാവുന്നതാണ്.

സൈബര്‍ വിഭാഗത്തിനു പുറമേ, ഓരോ സ്റ്റേഷനിലും സുശക്തമായ ഒരു സാങ്കേതിക വിഭാഗം രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നിലവില്‍ ഒരു സൈബര്‍ പോലീസ് സ്റ്റേഷന്‍ ആണ് സംസ്ഥാനത്തിലുള്ളത്. മൂന്നു സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.