ലണ്ടന്‍: ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം സുരക്ഷാവീഴ്ചയാണെന്ന് ആരോപണമുയര്‍ന്നതോടെ പ്രധാനമന്ത്രി തേരേസ മേയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇതിനിടയില്‍ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് തേരേസ മേ ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്.

ബ്രിട്ടനില്‍ തുടരെയുണ്ടായ മൂന്ന് ഭീകരാക്രമണങ്ങള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തേരേസ മേക്കും ടോറികള്‍ക്കും തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ അപകടം സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. കെട്ടിടത്തില്‍ തീപിടിത്ത സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് പ്രദേശവാസികള്‍ നേരത്തെ നല്‍കിയിരുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 

ഇത് അവഗണിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. സുരക്ഷക്കുള്ള ബജറ്റ് വിഹിതം വെട്ടികുറച്ച തേരേസ മേ സര്‍ക്കാരിന് അപകടത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബീന്‍ ആരോപിച്ചു. സംഭവം തിരിച്ചടിയാകുമെന്ന മനസ്സിലാക്കിയതോടെ അപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് തേരേസ മേ രംഗത്തെത്തിയിട്ടുണ്ട്. ഇത് നല്‍കുന്ന പാഠം ഉള്‍ക്കൊള്ളുമെന്നും മേ വ്യക്തമാക്കി.

ഇതിടിനിടയില്‍ തീപിടിത്തമുണ്ടായ ഗ്രെന്‍ഫെല്‍ ടവറിലെ തീ കെടുത്താനുള്ള ശ്രമം 24 മണിക്കൂറിന് ശേഷവും തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 68 പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.