ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് കാറിലൊരു യാത്ര 75 വലിയ നഗരങ്ങൾ പിന്നിട്ട് 20000 കിലോമീറ്റർ ദൂരം, ഒറ്റക്കൊരു ഡ്രൈവ് കാരുണ്യത്തിന്‍റെ കരുതലുമായി കാറിലൊരു യാത്ര
അന്പത്തിയഞ്ച് ദിവസങ്ങൾ കൊണ്ട് 75 വലിയ നഗരങ്ങൾ പിന്നിട്ട് 20000 കിലോമീറ്റർ ദൂരം, ഒറ്റക്കൊരു ഡ്രൈവ്. ലണ്ടന് മലയാളിയായ രാജേഷന്റെ ഈ യാത്രയ്ക്ക് പിന്നില് വലിയൊരു കാരുണ്യത്തിന്റെ കരുതലാണുള്ളത്. ബ്രെയിൻ ട്യൂമർ ബാധിതരായ കുട്ടികളെ സഹായിക്കുന്ന ‘റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി’ക്ക് വേണ്ടിയാണ് ഈ യാത്ര. ഇതിൽനിന്ന് ലഭിക്കുന്ന മുഴുവൻ തുകയും അവർക്കുള്ളതാണ്.
ബി.ബി.സിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായിരുന്നു രാജേഷ്. അക്കാലത്ത് ബി.ബി.സി ന്യൂസ് ടീമിനൊപ്പം വിവിധ രാജ്യങ്ങൾ സഞ്ചരിച്ചതിന്റെ ആത്മവിശ്വാസമാണ് രാജേഷിന്റെ കൈമുതല്. ലണ്ടനിൽ നിന്നും കേരളത്തിലേക്ക് കാറിൽ യാത്ര ചെയ്യാനാണ് പദ്ധതി. ലണ്ടനിലെ വീട്ടിൽ നിന്ന് പത്തനംതിട്ടയിലെ സ്വന്തം വീട്ടിലേക്ക് ഏതാണ്ട് 15,000-17,000 കിലോമീറ്റർ ദൂരം 55 ദിവസംകൊണ്ട് രാജേഷ് ഡ്രൈവ് ചെയ്യുന്നു. യൂറോപ്പ് കുറുകേ കടന്ന് തുർക്കിയും ഇറാനും പിന്നിട്ട് പാക്കിസ്ഥാനിലൂടെ വാഗായിലേക്ക്. തുടർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മദ്ധ്യത്തിലൂടെ കേരളത്തിലേക്ക്.
പല രാജ്യങ്ങളിലും അവിടത്തെ സൗഹൃദ സംഘങ്ങളും സോഷ്യൽ മീഡിയ കൂട്ടായ്മകളും രാജേഷിന് ഒപ്പമുണ്ടാകും. അവരൊരുമിക്കുന്ന ഇടങ്ങളിൽ റയാൻ നൈനാൻ ചാരിറ്റിയേക്കുറിച്ച് ഓർമ്മിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ജൂൺ 30ന് യാത്ര ആരംഭിച്ച് ഓഗസ്റ്റ് അവസാനം കേരളത്തിലെത്താമെന്നാണ് കരുതുന്നത്.
