ദില്ലി: ശമ്പളം തരാന്‍ തനിക്ക് നിര്‍വ്വാഹമില്ലെന്നും മറ്റ് ജോലികള്‍ നോക്കിക്കോളാനും ആവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് നിരവ് മോദിയുടെ ഇമെയില്‍. അന്വേഷണ ഏജന്‍സികള്‍ ഓഹരികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച സാഹചര്യത്തിലാണ് മോദിയുടെ നടപടി. ഭാവിയുടെ കാര്യത്തില്‍ അനിശ്ചിതത്വമാണുള്ളതെന്നും നീരവ് പറയുന്നു. ഇമെയില്‍ ഔദ്ദ്യോഗികമാണെന്ന് നീരവ് മോദിയുടെ ലീഗല്‍ ടീം സ്ഥിരീകരിച്ചിട്ടുണ്ട്.

11,400 കോടിയുടെ ബാങ്ക് തട്ടിപ്പ് പുറത്തായതോടെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നീരവ് മോദിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സി എന്നിവരുടെ സ്ഥാപനങ്ങളിലും മറ്റും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 5700 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് പല സ്ഥാപനങ്ങളില്‍ നിന്നും ജോലിക്കാര്‍ സ്വയം പിരിഞ്ഞു പോവുകയാണിപ്പോള്‍. ഇതിനിടെയാണ് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും വേറെ ജോലി അന്വേഷിക്കണമെന്നും കാണിച്ച് ജീവനക്കാര്‍ക്ക് മെയില്‍ ലഭിച്ചിരിക്കുന്നത്.