ലോറി സമരം മൂലം പൈനാപ്പിള്‍, കൃഷിയിടത്തില്‍ നിന്നും വിപണിയിലെത്തിക്കാന്‍ കഴിയാതെയായി. ഇതിനിടെ പൈനാപ്പിള്‍ കയറ്റി പോയ ലോറികള്‍ സമരക്കാര്‍ അക്രമിച്ചതോടെ കൂടുതല്‍ ലോറികള്‍ ലോഡ് എടുക്കാന്‍ തയ്യാറാകാതെയായി.
വാഴക്കുളം: പത്ത് ദിവസത്തെ ലോറി സമരം വാഴക്കുളത്തെ പൈനാപ്പിൾ വിപണിക്കുണ്ടാക്കിയത് ഒരു കോടിയുടെ നഷ്ടം. പൈനാപ്പിൾ വിൽക്കാൻ കഴിയാതെ വന്നതോടെ വിലയിടിഞ്ഞതും വാഹനങ്ങൾ ആക്രമിക്കപ്പെട്ടതുമാണ് വലിയ നഷ്ടമുണ്ടാക്കിയത്.
ലോറി സമരം തുടങ്ങും മുമ്പ് എൺപതു മുതൽ നൂറു ലോഡ് പൈനാപ്പിൾ വരെയാണ് ദിവസവും വാഴക്കുളം മാർക്കറ്റിൽ നിന്ന് കയറിപ്പോയിരുന്നത്. സമരം തുടങ്ങിയതോടെ ഇത് 15 - 20 ലോഡുകളായി ചുരുങ്ങി. കയറിപ്പോയ ലോഡുകളാകട്ടെ പലയിടത്തും സമരക്കാർ തടഞ്ഞു. ലോറികൾ ആക്രമിക്കപ്പെട്ടു. അതോടെ തോട്ടങ്ങളിൽ നിന്ന് പൈനാപ്പിൾ വെട്ടിയെടുക്കാതെയും, കിലോക്ക് 32 രൂപയുണ്ടായിരുന്ന പൈനാപ്പിൾ കിട്ടുന്ന വിലക്ക് വിൽക്കേണ്ടി വന്നതിലൂടെയും വലിയ നഷ്ടമാണുണ്ടായത്.
ലോറി സമരം തീർന്നുവെങ്കിലും വാഴക്കുളം വിപണിയിലേക്കിനിയും പൈനാപ്പിൾ കാര്യമായെത്തിയിട്ടില്ല. കഴിഞ്ഞ റംസാൻ കാലത്തുണ്ടായ വലിയ വിലയിടിവും പൈനാപ്പിൾ മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. പെട്ടെന്ന് ചീഞ്ഞു പോകുന്ന പഴ വർഗ്ഗമെന്ന നിലയിൽ സമരങ്ങളിൽ നിന്നും പണിമുടക്കുകളിൽ നിന്നുമൊക്കെ പൈനാപ്പിളിനെ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളടക്കം ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
