പാലക്കാട്: ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ചു. കോയമ്പത്തൂരിലെ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. വാളയാർ ചെക്പോസ്റ്റില്‍ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കല്ലേറില്‍ ലോറി ഡ്രൈവര്‍ ബാഷയ്ക്ക് പരിക്കേറ്റു.

ലോറി സമരം തുടരുന്നതിനിടെ ഇന്ന് മുതൽ പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാർ അറിയിച്ചിരുന്നു. ഇതിനിടെ കോയമ്പത്തുര്‍ മേട്ടുപ്പാളയത്തുനിന്നും ലോഡ് കേറ്റി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു ലോറി സമരക്കാർ തടയുകയും വാക്കേറ്റമുണ്ടാകുകയും. നിര്‍ത്താതെ പോയ ലോറിക്ക് നേരെ കല്ലേറിയുകയുമായിരുന്നു. കല്ലേറിൽ ലോറിയുടെ ചില്ല് തകർന്ന് പരിക്കേറ്റാണ് മുബാറക് മരിച്ചത്.

മുബാറക്കിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഡ്രൈവര്‍ ഡ്രൈവര്‍ ബാഷ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ സമരാനുകൂലികളാണെന്നാണ് വിവരം. സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പറയുന്നു.