ചരക്ക് ലോറി സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തെ ടാങ്കറുകളും പണിമുടക്കും

തിരുവനന്തപുരം: ചരക്ക് ലോറി സമരം കേരളത്തിലെ വിപണികളെ ബാധിച്ചു തുടങ്ങി. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പഴം, പച്ചക്കറി എന്നിവയുടെ വില കൂടി. ടാങ്കർ ലോറികൾ കൂടി സമരം തുടങ്ങിയാൽ വിലക്കയറ്റം രൂക്ഷമാകും. 

സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായും നിലച്ചത് വിപണികളിൽ പ്രകടമായി തുടങ്ങി. കോഴിക്കോട് പാളയം മാ‍ർക്കറ്റിലെ പച്ചക്കറി വില രൂക്ഷമായി. മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അരി, പഞ്ചസാര എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങുമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. 

ചരക്ക് ലോറി സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തെ ടാങ്കറുകളും പണിമുടക്കും. രണ്ട് ദിവസത്തിനകം തീയതി പ്രഖ്യാപിക്കുമെന്ന് ടാങ്കർ ലോറി ഉടമകളുടെ സംഘടന അറിയിച്ചു. ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വ‌ർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് ലോറി ഉടമകൾ സമരം തുടങ്ങിയത്.