സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ നിയമവിരുദ്ധമായി വിൽപ്പന നടത്തിയ 12 ലോട്ടറി ഏജൻസികളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കൊല്ലം, കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഏജൻസികളാണ് ലോട്ടറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ നിയമവിരുദ്ധമായി വിൽപ്പന നടത്തിയ 12 ലോട്ടറി ഏജൻസികളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കൊല്ലം, കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഏജൻസികളാണ് ലോട്ടറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അവസാന നാലക്കങ്ങള്‍ ഒരേ അക്കത്തിലുള്ള ലോട്ടറി ടിക്കറ്റുകൾ സെറ്റായി വിൽപന നടത്തിയതിനെത്തുടർന്നാണ് നടപടി

ലോട്ടറിയില്‍ സീല്‍ പതിപ്പിക്കാതെയാണ് ഈ ഏജന്‍സികള്‍ വില്‍പന നടത്തിയതെന്നും ലോട്ടറിവകുപ്പ് കണ്ടെത്തി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ചില ഏജന്‍സികള്‍ അവസാനനാലക്കങ്ങള്‍ ഒരുപോലെ വരുന്ന ലോട്ടറികള്‍ സെറ്റാക്കി വില്‍ക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. ലോട്ടറികള്‍ സെറ്റാക്കി വില്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി നേരത്തെ ലോട്ടറി വകുപ്പ് സര്‍ക്കുലറും ഇറക്കിയിരുന്നു. എന്നിട്ടും വില്‍പന തുടര്‍ന്ന സാഹചര്യത്തിലാണ് ലോട്ടറിവകുപ്പിന്‍റെ നടപടി. 

അവസാന നാലക്കങ്ങള്‍ വച്ചുള്ള ചൂതാട്ടമാണ് ഈ ഏജന്‍സികള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അവസാന നാലക്കത്തിന് ലഭിക്കുന്ന സമ്മാനം ചെറുതാണെങ്കിലും പല സീരിസിലുള്ള ലോട്ടറികള്‍ ഒരു കെട്ടാക്കി വില്‍ക്കുമ്പോള്‍ ഒരു നമ്പനിന് അടിക്കുന്ന സമ്മാനം ആ കെട്ടിലുള്ള എല്ലാ ലോട്ടറിക്കും കിട്ടും. ഇങ്ങനെ ലോട്ടറി വില്‍ക്കുന്നത് ചൂതാട്ടമാണെന്നും ഭാഗ്യക്കുറിയുടെ സ്വീകാര്യയെയും വിശ്വാസ്യതയെയും ബാധിക്കുമെന്നും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു.