കോഴിക്കോട്: ലോട്ടറി ടിക്കറ്റിന്‍റെ നമ്പര്‍ തിരുത്തി പണം തട്ടിയതായി പരാതി. കോഴിക്കോട് മണാശേരിയിലെ ലോട്ടറി ഏജന്‍റായ ഭാസ്ക്കരനാണ് തട്ടിപ്പിന് ഇരയായത്. സംസ്ഥാന ലോട്ടറി ടിക്കറ്റിന്‍റെ നമ്പര്‍ തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഓട്ടോയില്‍ എത്തിയ ഒരാള്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റാണെന്നും പറഞ്ഞ് ലോട്ടറി നല്‍കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. മണാശേരിയിലെ ലോട്ടറി ഏജന്‍റായ ഭാസ്ക്കരന്‍ ലോട്ടറി ഫലം ഒത്തുനോക്കിയപ്പോള്‍ കാരുണ്യ പ്ലസിന്‍റെ സമ്മാനാര്‍ഹമായ നമ്പറാണെന്ന് കണ്ടതിനാല്‍ 5000 രൂപക്ക് 3500 രൂപയും ബാക്കി ലോട്ടറി ടിക്കറ്റും നൽകി.

പിന്നീട് ഈ ടിക്കറ്റുമായി മുക്കത്തെ പ്രധാന ഏജൻസിയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ടിക്കറ്റ് സ്കാൻ ചെയ്തപ്പോൾ ഇത് യഥാര്‍ത്ഥത്തില്‍ സമ്മാനാര്‍ഹമായ നമ്പറല്ലെന്ന് മനസിലാവുകയായിരുന്നു. ടിക്കറ്റിലെ നാലാമത്തെയും ആറാമത്തെയും നമ്പർ തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് സംബന്ധിച്ച് ഭാസ്ക്കരൻ മുക്കം പോലീസിൽ പരാതി നൽകി. മുന്‍പും സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്.