അടൂര്‍ പന്നിവിളയിലെ വാടക വീട്ടിലാണ് കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുമണ്‍ ഐക്കാട് തോട്ടരുവില്‍ പുത്തന്‍ വീട്ടില്‍ ജോസിന്റെ മകന്‍ റിജോ ജോസും കാമുകി ഏനാത്ത് കുളക്കട സ്വദേശി ബേബിയുടെ മകള്‍ ഷിനുവുമാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ വിവാഹിതയായ ഷിനുവിന്റെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പിന്നീട് റിജോയുമായി ഇവര്‍ അടുപ്പത്തിലാവുകയും ചെയ്തു. വിധവയായ ഷിനുവുമായുള്ള ബന്ധത്തിന്റെ പേരില്‍ കുടുംബവുമായി അകന്ന റിജോ ഒരാഴ്ച മുമ്പാണ് അടൂരില്‍ വീട് വാടകയ്‌ക്ക് എടുത്തത്. എന്നാല്‍ വിധവയായ ഇവരെ വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല. 

നേരത്തെ തുമ്പമണില്‍ റിജോ സ്റ്റുഡിയോ നടത്തിയിരുന്നു. അമ്മയുടെ പേരില്‍ ലോണെടുത്താണ് സ്റ്റുഡിയോ തുടങ്ങിയത്. സ്റ്റുഡിയോ പിന്നീട് നഷ്‌ടത്തിലാവുകയും ചെയ്തു. ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുമായി റിജോ അകല്‍ച്ചയിലായിരുന്നു. ഇതായിരിക്കാം മരണകാരണമെന്നാണ് സംശയിക്കുന്നത്. വാടക വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന റിജോയുടെ കാറ് മാറ്റിയിടാന്‍ ആവശ്യപ്പെടുന്നതിനായി അയല്‍വാസികള്‍ താമസ സ്ഥലത്ത് എത്തി, ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. വീടിനകത്ത് നിന്നും പ്രതികരണമൊന്നും ഇല്ലാത്തതോടെ അയല്‍വാസികള്‍ അടൂര്‍ പൊലീസില്‍ അറിയിച്ചു. പിന്നീട് പൊലീസെത്തി വാതില്‍ പൊളിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. 

വീടിന്റെ ഹാളിലെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് റിജോയുടെ മൃതദേഹം കണ്ടെത്തിയത്. അടുക്കളയ്‌ക്ക് സമീപം ആയിരുന്നു ഷിനുവിന്റെ മൃതദേഹം. ഇരുവരും മരണരംഗങ്ങള്‍ പരസ്‌പരം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് ഒരു ദിവസം പഴക്കമുണ്ട്. വീട്ടിന്റെ മുറ്റത്ത് അയകെട്ടിയിരുന്ന പ്ലാസ്റ്റിക് കയര്‍മുറിച്ചെടുത്താണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. വീട്ടില്‍ നിന്നും കിട്ടിയ ആത്മഹത്യാ കുറിപ്പില്‍ മരണത്തിന് ആരും ഉത്തവാദിയല്ലെന്നും തന്റെ ക്യാമറയും മറ്റു വസ്തുക്കളും അമ്മയ്‌ക്ക് നല്‍കണമെന്നും എഴുതിയിട്ടുണ്ട്. അടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അടൂര്‍ താലൂക്ക് ആസുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.