മെൽബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ സാമിന്‍റെ ഭാര്യ സോഫിയയ്ക്കും കാമുകൻ അരുൺ കമലാസനനും കോടതി ജയിൽശിക്ഷ വിധിച്ചു
മെൽബൺ: മെൽബണില് മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ സാമിന്റെ ഭാര്യ സോഫിയയ്ക്കും കാമുകൻ അരുൺ കമലാസനനും കോടതി ജയിൽശിക്ഷ വിധിച്ചു. അരുൺ കമലാസനന് 27 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. സോഫിയക്ക് 22 വർഷമാണ് തടവുശിക്ഷ. 2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാല് സാം വധത്തില് ഭാര്യ സോഫിയയേയും കാമുകന് അരുണിനെയും കുടുക്കിയത് ഓസ്ട്രേലിയന് പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണമാണ്. പോലീസിന്റെ ചോദ്യം ചെയ്യലില് കൊലപാതകം നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അരുണ് വിശദമായി തന്നെ പറഞ്ഞു. ഇതിന്റെ ശബ്ദരേഖ പോലീസ് തെളിവായി കോടതിയില് ഹാജരാക്കി.
ഇതിനുമപ്പുറം സാമിന്റെ ഭാര്യ സോഫിയ എഴുതിയ ഡയറിക്കുറിപ്പുകളും പോലീസ് കണ്ടെത്തിയിരുന്നു. വിചാരണ വേളയില് കോടതിയില് ഹാജറാക്കിയ ഡയറികുറിപ്പുകള് ഓസ്ട്രേലിയന് മാധ്യമങ്ങള് പുറത്തുവിട്ടിരുന്നു. സോഫിയയും അരുണ് കമലാസനനും തമ്മില് വര്ഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഈ കുറിപ്പുകള് സൂചിപ്പിക്കുന്നതെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവച്ചു. ആ ഡയറി ഭാഗങ്ങള് ഇതൊക്കെ ആയിരുന്നു.
ഫെബ്രുവരി 2, 2013: ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്
ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..
ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.
മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.
ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.
ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.
