ചെന്നൈ; ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട് മഹാരാഷ്ട്ര തീരത്ത് എത്തിനില്‍ക്കുന്ന ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും രാജ്യം കരകയറും മുന്‍പേ മറ്റൊരു ചുഴലിക്കാറ്റിന് കൂടി വഴി തെളിയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്. അടുത്ത 48 മണിക്കൂര്‍ പിന്നീടുമ്പോള്‍ ഇത് ശക്തിയേറിയ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. 

തമിഴ്‌നാട്- ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമിട്ട് നീങ്ങുന്ന ഈ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറിയേക്കാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഡയറക്ടര്‍ എസ്.ബാലചന്ദ്രന്‍ പറയുന്നു. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തേനി ജില്ലയിലെ അരന്‍മനൈപുത്തറില്‍ റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത്. ന്യൂനമര്‍ദ്ദം രൂപം കൊണ്ട സാഹചര്യത്തില്‍ കടലില്‍ പോകരുതെന്ന് മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം കേരളതീരത്തേയും തെക്കന്‍ തമിഴ്‌നാടിനേയും വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് ഇപ്പോള്‍ സൗരാഷ്ട്രയ്ക്കും മഹാരാഷ്ട്രയ്ക്കും മധ്യേ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപ് കടന്നതോടെ കരുത്ത് കുറഞ്ഞ ഓഖി ഇന്ന് രാത്രിയോടെ കരയിലേക്ക് പ്രവേശിക്കും. ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ അതിന് സാഗര്‍ എന്നായിരിക്കും പേരിടുക. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് നല്‍കാനുള്ള പേരുകളുടെ പട്ടികയില്‍ ഇന്ത്യ നിര്‍ദേശിച്ച പേരാണ് സാഗര്‍. കാറ്റിന്റെ വേഗപരിധി മണിക്കൂറില്‍ 62 കി.മീ ആയി ഉയരുന്നതോടെയാണ് അതിനെ ചുഴലിക്കാറ്റായി പ്രഖ്യാപിക്കാറുള്ളത്. നേരത്തെ കേരളതീരത്തിലൂടെ കടന്നു പോയ ഓഖി ലക്ഷദ്വീപിലെത്തുമ്പോള്‍ 160 കിമീ വേഗതയില്‍ വരെ വീശിയടിച്ചിരുന്നു.