Asianet News MalayalamAsianet News Malayalam

വീര്യമുളള  മയക്കുമരുന്നുകള്‍ കേരളത്തില്‍ വ്യാപകമാകുന്നു

LSD stamp drugs spreads in Kerala campus
Author
First Published Sep 23, 2017, 6:52 AM IST

കോഴിക്കോട്: കഞ്ചാവിനോക്കാള്‍ വീര്യമുളള  മയക്കുമരുന്നുകള്‍ കേരളത്തില്‍ വ്യാപകമാകുന്നു. അത്യന്തം മാരകമായ എംഡിഎംഎ, എല്‍.എസ്.ഡി തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരിലേറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ഇത്തരം മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ക്കെതിരെ എക്സൈസ് വകുപ്പ് കോഴിക്കോട്ട് പ്രത്യേക സംഘം രൂപീകരിച്ചു.

എക്സ്റ്റസി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അത്യന്തം മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ. അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ വരെ ചുരുങ്ങിയത് പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം. ഒന്നോ രണ്ടോ ദിവസം നിരന്തര ലഹരി ലഭിക്കുന്ന മയക്കുമരുന്നാണിത്. കോഴിക്കോട് ബാലുശേരിയില്‍ മൂന്ന് ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായത് കോളേജ് വിദ്യാര്‍ത്ഥി.

ലൈസെര്‍ജിക് ആസിഡ് ഡയാതലാമൈഡ് അഥവാ എല്‍.എസ്.ഡി ഒരു തരം പാര്‍ട്ടി ഡ്രഗ്ഗാണ്. ചെറിയ സ്റ്റാമ്പുകളുടെ രൂപത്തിലുള്ള ഇവ കണ്ടാല്‍ മയക്കുമരുന്നാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. ഗോവയില്‍ നിന്ന് കൊണ്ടുവരുന്ന എല്‍.എസ്.ഡികളുടെ 11 സ്റ്റാമ്പുകള്‍ പിടികൂടിയത് കുന്ദമംഗലം എക്സൈസ് സംഘം. പിടിയിലായവര്‍ 18 നും 22 നും മദ്ധ്യേ പ്രായമുള്ളവര്‍.

വടക്കന്‍ കേരളത്തില്‍ ഇത്തരത്തില്‍ പുതിയ മയക്കുമരുന്നുകള്‍ തേടിപ്പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവ ചില ഉദാഹരണങ്ങള്‍ മാത്രം.

പെണ്‍കുട്ടികള്‍ അടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ് എക്സൈസ്. എക്സൈസിലെ വിജിലന്‍സ് സംഘം പ്രത്യേക നിരീക്ഷണങ്ങള്‍ നടത്തുന്നുമുണ്ട്.

Follow Us:
Download App:
  • android
  • ios