സെമിക്ക് മുന്‍പ് ഹസാര്‍ഡിന് മുന്നറിയിപ്പുമായി ഫ്രഞ്ച് താരം
മോസ്കോ: റഷ്യന് ലോകകപ്പ് പ്രവചനാതീതമായ കുതിപ്പ് തുടരുകയാണ്. ക്വാര്ട്ടറില് ടൂര്ണമെന്റിലെ ഫേവറേറ്റുകളായ ബ്രസീലിനെ കരുത്തരായ ബെല്ജിയം നാട്ടിലേക്ക് പറഞ്ഞയച്ചതാണ് ഒടുവിലത്തേത്. 2-1നായിരുന്നു മുന് ചാമ്പ്യന്മാരുടെ തോല്വി. യുവനിരയുടെ കരുത്തില് കപ്പുയര്ത്താന് റഷ്യയിലെത്തിയ ഫ്രാന്സാണ് സെമിയില് ബെല്ജിയത്തിന്റെ എതിരാളികള്.
സെമിക്ക് മുന്പേ താരങ്ങള് തമ്മിലുള്ള പോര് മുറുകുമെന്ന സൂചനകളാണ് റഷ്യയില് നിന്ന് പുറത്തുവരുന്നത്. ബ്രസീലിനെതിരായ മത്സരത്തില് തിളങ്ങിയ ഈഡന് ഹസാര്ഡിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു ഫ്രഞ്ച് ഡിഫന്റര് ലൂക്കാസ് ഹെര്ണാണ്ടസ്. എന്നാല് ഹസാര്ഡിനെ തങ്ങളുടെ പ്രതിരോധകോട്ടയില് തളയ്ക്കുമെന്ന് മാത്രമല്ല ഹെര്ണാണ്ടസ് അവകാശപ്പെടുന്നത്.
ലോകത്തെ ഏറ്റവും മികച്ച താരമായ മെസിയെ പ്രീക്വാര്ട്ടറില് മടക്കിയച്ച ഫ്രഞ്ച് പടയ്ക്ക് ഹസാര്ഡ് ഭീഷണിയാവില്ല. മത്സരത്തില് മെസിയെ പന്ത് തൊടീക്കാന് പോലും അനുവദിച്ചിരുന്നില്ല. ഹസാര്ഡിന്റെ കാര്യത്തിലും ഇത് തന്നെ ആവര്ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹെര്ണാണ്ടസ് അവകാശപ്പെടുന്നു. ക്വാര്ട്ടറില് ഉറുഗ്വെയെ തോല്പിച്ചാണ് ഫ്രാന്സ് സെമിയിലെത്തിയത്.
