മുഹമ്മദ് അനസ്സ് സിദ്ദിഖിന്‍റെ ഭാര്യ തന്‍വി സേത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

ലക്നൗ: മിശ്രവിവാഹിതരായ ദമ്പതികളെ പാസ്പോര്‍ട്ട് ഓഫീസില്‍ വച്ച് മതത്തിന്‍റെ പേരില്‍ അപമാനിക്കുകയും പാസ്പോര്‍ട്ട് നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ യു പി സര്‍ക്കാരിന്‍റെ ആദ്യ നടപടി. പാസ്പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്രയെ സ്ഥലംമാറ്റിയതായി അധികൃതര്‍ അറിയിച്ചു.

പാസ്പോര്‍ട്ട് ഓഫീസില്‍ അപമാനിക്കപ്പെട്ട മുഹമ്മദ് അനസ്സ് സിദ്ദിഖിന്‍റെ ഭാര്യ തന്‍വി സേത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി. ഇരുവര്‍ക്കും ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. ഇരുവര്‍ക്കും പാസ്പോര്‍ട്ട് എടുക്കാനാണ് ജൂണ്‍ 20 ന് ലക്നൗവിലെ പാസ്പോര്‍ട്ട് ഓഫീസില്‍ എത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കി കൗണ്ടര്‍ സിയില്‍ എത്തിയപ്പോഴാണ് പാസ്പോര്‍ട്ട് ഓഫീസര്‍ മോശമായി പെരുമാറിയതെന്ന് തന്‍വി ട്വിറ്ററില്‍ കുറിച്ചു. തന്‍വിയുടെ രേഖകള്‍ പരിശോധിച്ച ഓഫീസര്‍ വികാസ് മിശ്ര ഭര്‍ത്താവിന്‍റെ പേര് കണ്ടതോടെ ഇവരോട് ദേഷ്യപ്പെടുകയായിരുന്നു. 

തന്നെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നുവെന്നും തന്‍വിയുടെ പേര് മാറ്റി ഒപ്പം തന്‍റെ പേര് ചേര്‍ത്തിട്ട് വരണമെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞതായി സിദ്ദിഖി പറഞ്ഞു. ഇത് കേട്ട് ഭാര്യ കരഞ്ഞു പോയെന്നും ഇയാള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് പേര് മാറ്റാന്‍ താല്പര്യമില്ലെന്നും തങ്ങളുടെ പേരില്‍ ബന്ധുക്കള്‍ക്ക് പ്രശ്നമില്ലെന്നും തന്‍വി ഓഫീസറെ അറിയിച്ചെങ്കിലും ഇയാള്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് പകരം ഫയല്‍ എപിഒ ഓഫീസിലേക്ക് അയക്കുകയുമായിരുന്നു. പിന്നീട് തന്നെ വിളിപ്പിച്ച മിശ്ര താന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം വിവാഹം അംഗീകരിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും സിദ്ദിഖി വ്യക്തമാക്കിയിരുന്നു.

സിദ്ദിഖിയും ഭാര്യ തന്‍വിയും നോയിഡയില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനയില്‍ ജീവനക്കാരാണ്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എപിഒ മുഴുവന്‍ സംഭവവും വിശദീകരിച്ച് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഉടന്‍ തന്നെ ഇടപെട്ട, സുഷമ സ്വരാജിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിജയ് ദ്വിവേദി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയുള്ള ഉത്തരവിറങ്ങിയത്. കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്നാണ് സൂചന.