ദേശീയ ടീമിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരം കൂടിയാണ് സുവാരസ്
മോസ്കോ: ലൂയിസ് സുവാരസ്, ആ പേര് ഉറുഗ്വെയ്ക്ക് പ്രീയപ്പെട്ടതാകാന് തുടങ്ങിയിട്ട് കാലങ്ങളായി. ലോകകപ്പിന്റെ ആദ്യ പതിപ്പുകളില് ചാമ്പ്യന്മാരായ ടീം പുതിയ കാലത്തില് വീണ് പോകാനായിരുന്നു ഉറുഗ്വെയുടെ വിധി. അതിന് മാറ്റം വരുത്തി ടീമിനെ വിജയ വഴിയില് എത്തിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച താരങ്ങളില് ഒരാളാണ് സുവാരസ്. തോറ്റു പോയേക്കാവുന്ന മത്സരങ്ങളില് ചെറിയ അവസരങ്ങള് പോലും ഗോളാക്കി മാറ്റാന് കഴിയുന്ന സുവാരസ് ഇന്ന് ലോകകപ്പ് പോരാട്ടത്തിനിറങ്ങുമ്പോള് മറ്റൊരു സുവര്ണ നേട്ടം കൂടെ പേരിലെഴുതുകയാണ്.
ദേശീയ ടീമിനായി 100 മത്സരങ്ങള് കളിക്കുക എന്ന സ്വപ്ന സാഫല്യത്തിലെത്തി നില്ക്കുമ്പോള് ലോകകപ്പിലെ പ്രീക്വാര്ട്ടറിലേക്ക് മാര്ച്ച് ചെയ്യണമെങ്കില് ഉറുഗ്വെ പ്രതീക്ഷ അര്പ്പിക്കുന്നത് സുവാരസിന്റെ ബൂട്ടുകളിലാണ്. 2007ലാണ് സുവാരസ് ദേശീയ ടീമിനായി കളിച്ചു തുടങ്ങിയത്. 2011ല് ടീമിനെ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ദേശീയ ടീമിനായി 100-ാം മത്സരം കളിക്കുന്ന സുവാരസ് 51 ഗോളുകളും സ്വന്തം പേരില് കുറിച്ചു. ഗ്രോണിഗനില് തുടങ്ങിയ ബാഴ്സലോണയില് എത്തി നില്ക്കുന്ന ക്ലബ് കരിയറില് ചാമ്പ്യന്സ് ലീഗ് അടക്കമുള്ള കിരീടങ്ങളും സ്വന്തമാക്കി. ഉറുഗ്വെയ്ക്കായി ഏറ്റവും അധികം ഗോള് നേടിയ താരവുമാണ് ലൂയിസ് സുവാരസ്.
