ഒടുവില്‍ ഫ്രാന്‍സിനു മുന്നില്‍ വീണെങ്കിലും ജയിച്ചവരുടെ തലയെടുപ്പോടെയാണ് ക്രൊയേഷ്യ ലോകകപ്പില്‍ നിന്നും വിടവാങ്ങുന്നത്

മോസ്കോ: ഒടുവില്‍ ഫ്രാന്‍സിനു മുന്നില്‍ വീണെങ്കിലും ജയിച്ചവരുടെ തലയെടുപ്പോടെയാണ് ക്രൊയേഷ്യ ലോകകപ്പില്‍ നിന്നും വിടവാങ്ങുന്നത്. രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്യുക മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ലൂക്കാ മോഡ്രിച്ചെന്ന 32കാരനാണ് ശരിക്കും ഫുട്ബോള്‍ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. ആരാധകരുടെ മനസ് നിറയെ മോഡ്രിച്ചെന്ന മിഡ് ഫീല്‍ഡിലെ മാന്ത്രികന്‍ റഷ്യ വിടുന്നത്. 

മത്സരത്തിന് ശേഷമുള്ള മോഡ്രിച്ചിന്‍റെ പ്രതികരണവും രാജകീയമായിരുന്നു. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍ അറിയിക്കാനും അദ്ദേഹം മറന്നില്ല.ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഇത് വരാനുള്ള തലമുറയ്ക്ക് പ്രചോദനമാകും. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം പ്രതീക്ഷയും ചുമലിലേറ്റിയ ലൂക്ക മത്സര ശേഷം പറഞ്ഞു.

അവസാന നിമിഷം വരെ തങ്ങള്‍ പൊരുതിയെന്നും ടീമില്‍ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞ മോഡ്രിച്ച് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഈ നേട്ടം തങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. അതേസമയം ഫ്രാന്‍സ് വിജയം അര്‍ഹിച്ചിരുന്നുവെന്നും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കപ്പിനും ചുണ്ടിനുമിടയില്‍ വിജയം തട്ടിയുടഞ്ഞപ്പോള്‍ ലൂക്ക മോഡ്രിച്ച് തലയ്ക്ക് കൈകൊടുത്തിരുന്നു പോയെങ്കിലും സമനില വീണ്ടെടുത്ത് ഫ്രഞ്ച് താരങ്ങളെ അഭിനന്ദിക്കാനെത്തുകയായിരുന്നു. അവര്‍ മോഡ്രിച്ചിനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയത് മോഡ്രിച്ചായിരുന്നു.