മികച്ച ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
അബുദാബി: ലുലുവിന്റെ 148 മത് ഹൈപ്പർമാർക്കറ്റ് അബുദാബി വേൾഡ് ട്രേഡ് സെന്ററിൽ പ്രവർത്തനമാരംഭിച്ചു. മികച്ച ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര് പറഞ്ഞു. പാരമ്പരാഗത ലുലു ഹൈപ്പർമാർക്കറ്റ് മാതൃകയിൽ നിന്ന് മാറി പാശ്ചാത്യ രീതിയിലുള്ള ഷോപ്പിംഗ് മാളുകളിലേതിന് സമാനമായ രീതിയിലാണ് ഖലീഫാ സ്ട്രീറ്റിലെ പുതിയ ശാഖ. അൽ ദാർ പ്രോപ്പർട്ടീസ് സി.ഇ.ഒ തലാൽ അൽ ദിയേബി 148 -ാം ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
അബുദാബി നഗര കേന്ദ്രത്തിലെത്തുന്ന വിവിധ ദേശക്കാരായ ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് പുതിയ ശാഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ.യൂസഫലി പറഞ്ഞു. മികച്ചതും ജൈവീകവുമായ ഭക്ഷ്യ സാധനങ്ങള് ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര് അറിയിച്ചു. ലുലു ഹൈപ്പർമാർക്കറ്റുകളില് ആദ്യമായി ജപ്പാൻകാരുടെ ഇഷ്ടവിഭവമായ സുഷി ഭക്ഷ്യ ഉത്പന്നങ്ങളും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ട്. 149 മത് ശാഖ അൽ ഖുവൈനിലും 150 മത് ശാഖ സൗദിയിലും ഉടന് ആരംഭിക്കുമെന്ന് യൂസഫലി അറിയിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, സി.ഇ.ഒ സൈഫി രൂപവാല തുടങ്ങിയവര് ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.
