തിരുവനന്തപുരം: കരുണാകരപക്ഷമായിരുന്നെങ്കിലും 90കളുടെ ആരംഭത്തിൽ കെ മുരളീധരനെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരാൻ  ലീഡർ ശ്രമിച്ചപ്പോൾ തിരുത്തൽ ശക്തിയായി നിലകൊണ്ടവരില്‍ പ്രധാനിയായിരുന്നു എം.ഐ ഷാനവാസ്.  രമേശ് ചെന്നിത്തലയും ജി കാർത്തികേയനും  എം.ഐ ഷാനവാസും അടങ്ങുന്ന മൂവര്‍ സംഘത്തെ തങ്ങളുടെ നിലപാടുകള്‍ കൊണ്ടായിരുന്നു മാധ്യമങ്ങള്‍ തിരുത്തല്‍വാദികള്‍ എന്ന് വിളിച്ചത്. 

കെ.കരുണാകരന്‍റെ അനന്തരാവകാശിയെ ഉയര്‍ത്തിക്കാട്ടാന്‍ കരുണാകര പക്ഷത്തെ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട ധീരമായ നിലപാടുകളുമായി തിരുത്തല്‍വാദികള്‍ ഉണ്ടായത്.  അനന്തരാവകാശിയെ ഉയര്‍ത്തിക്കാട്ടുന്നത് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര സമാധാനം തകര്‍ക്കാന്‍ കാരണമായെന്നായിരുന്നു തിരുത്തല്‍വാദികളുടെ ആരോപണം. പിന്നീട്  ഐഎസ്ആർഒ ചാരക്കേസിൽ കരുണാകരനു മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നതിലും തിരുത്തൽവാദി ഗ്രൂപ്പിന്‍റെ പങ്ക് നിർണ്ണായകമായിരുന്നു. മികച്ച പ്രാസംഗികനുമായിരുന്നു തിരുത്തല്‍വാദികളിലെ പ്രധാനിയായ എം.ഐ ഷാനവാസ്. 

ടെലിവിഷൻ ചർച്ചകളിലൂടെ ജനപ്രിയനായ അദ്ദേഹം 2009 ലെ പൊതുതിരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് വയനാട്ടിൽനിന്നും വിജയിച്ചത്. തുടർച്ചയായ അഞ്ച് തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1,53,439 വോട്ട് നേടിയത്. 1999ലും  2004ലും  ചിറയിൻകീഴിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വർക്കല രാധാകൃഷ്ണനോട് തോറ്റു.1987ലെയും 1991ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വടക്കേക്കരയിൽ ഇടതുപക്ഷത്തിന്റെ എസ് ശർമ്മയോട് തോറ്റു.  1996ൽ പട്ടാമ്പിയിൽ കെ ഇ ഇസ്മായിലിനോട് തോറ്റു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും 2014ലും ഷാനവാസ് തന്നെ വയനാട്ടിൽ ജയിച്ചു. 20,870 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐയുടെ സത്യൻ മൊകേരിയെയാണ് പരാജയപ്പെടുത്തിയത്.

ലോക് സഭയിൽ വാണിജ്യ കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയംഗം, മാനവ വിഭവ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റിയംഗം, പാർലമെന്‍റ് ലോക്കൽ ഏരിയ ഡെവലപ്മെന്‍റ് സ്കീം അംഗം, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്‍റ് ഉപദേശകാംഗം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. 1951 സെപ്റ്റംബർ  22ന് കോട്ടയത്ത് ഇബ്രാഹിംകുട്ടിയുടെയും നൂർജഹാൻ ബേഗത്തിന്‍റെയും മകനായി ജനിച്ച എം.ഐ ഷാനവാസ് കോഴിക്കോട് ഫറൂഖ് കോളേജിലും എറണാകുളം ലോ കോളേജിലുമായിരുന്നു പഠിച്ചത്. വിദ്യാര്‍ത്ഥി യുവജന വിഭാഗത്തിലൂടെ കോണ്‍ഗ്രസ് സംഘടനാ രംഗത്ത് സജീവമായി. 1972-73 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, 1978ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ്, 1983ൽ കെപിസിസി ജോയിൻറ് സെക്രട്ടറി, 1985ൽ കെപിസിസി വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.