കരുണാനിധിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. കാവേരി ആശുപത്രി പരിസരം പുലര്‍ച്ചവരെ അണികളെ കൊണ്ട് നിറഞ്ഞു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നാണ് ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ. പ്രധാനപ്പെട്ട ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായതാണ് കലൈഞ്ജറെ കൂടുതല്‍ അപകടത്തിലാക്കിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാത്രി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. 

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. എന്നാല്‍ വീണ്ടും കലൈഞ്ജറുടെ ആരോഗ്യനില മോശമായതോടെ കാവേരി ആശുപത്രി പരിസരം പുലര്‍ച്ചവരെ അണികളെ കൊണ്ട് നിറഞ്ഞു. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്.

ഭാര്യ ദയാലു അമ്മാളും ഉച്ചക്ക് കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇത് ആദ്യമായാണ് ദയാലു അമ്മാള്‍ കരുണാനിധിയെ കാണാനെത്തുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളില്‍ കരുണാനിധിയെ സന്ദർശിച്ചിരുന്നു.