സിപിഎമ്മിനെതിരെ എം.എം.ഹസന്‍
തിരുവനന്തപുരം: രാജി വച്ച നടിമാരുടെ നടപടി ധീരമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്. ഇരയോടൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് വെള്ളപൂശുന്ന നയമാണ് സിപിഎമ്മിന്. ദിലീപിനെ തിരിച്ചെടുക്കാന് മുന്നില് നിന്നത് ഇടത് ജനപ്രതിനിധികള്. സിപിഎമ്മിന്റെത് ഇരട്ടത്താപ്പെന്നും ഹസന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, താരസംഘടനയായ 'അമ്മ'യ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. 'അമ്മ'യുടെ നിലപാട് തെറ്റാണ്. അതിനർത്ഥം അതിൽ ഉൾപ്പെട്ടവരുടെ നിലപാടും തെറ്റാണെന്നാണ്. അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ല. അതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ല. ഇതിന്റെ പേരില് മോഹൻലാലിനെപ്പോലുള്ള നടന്മാര്ക്കെതിരെ നടത്തുന്ന അക്രമോത്സുകമായ പ്രതിഷേധം തെറ്റാണെന്നും ഈ വിഷയത്തിലെ സി.പി.എം നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില് തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്ത് നല്കി. അമ്മ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിലെ മരിച്ചവരുടെ പട്ടികയില് നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയിലെ പുഴുക്കുത്തുകള്ക്കെതിരെയായിരുന്നു തിലകൻ ശബ്ദമുയര്ത്തിയതെന്നും ഷമ്മി തിലകന് വ്യക്തമാക്കി.
