കൊല്ലം: മണ്ഡലങ്ങളില്‍ ജനകീയനായി നിറഞ്ഞുനില്‍ക്കുന്നതാണ് ജനപ്രതിനിധികളുടെ വിജയം. വിവാഹം സ്ഥലങ്ങളിലും മരണവീടുകളുമൊക്കെ ഓടിയെത്തുന്ന കൊല്ലം ഇരവിപുരം എം.എല്‍.എ എം നൗഷാദ് ഇപ്പോള്‍ ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്.

മണ്ഡലത്തിലെ ഒരു പോത്തിന്റെ ജന്മദിനാഘോഷത്തില്‍ എം.എല്‍.എ കേക്ക് മുറിയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് കാരണം. പള്ളിമുക്ക് സ്വദേശിയായ അന്‍വര്‍ എന്നയാളുടെ വേലു എന്ന പോത്തിന്റെ മൂന്നാം ജന്മദിനാഘോഷ ചടങ്ങിലാണ് എം.എല്‍.എ പങ്കെടുത്തത്. എം.എല്‍.എ മാത്രമല്ല കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഗീതാകുമാരി, ബാബു, മുന്‍കൗണ്‍സിലര്‍ ശ്രീകുമാര്‍ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കാളികളായി.

എന്നാല്‍ ചിരിച്ചുതള്ളുന്നത്രം നിസ്സാരക്കാരനല്ല എം.എല്‍.എയെ വരെ ജന്മദിനാഘോഷത്തില്‍ പങ്കെടുപ്പിച്ച ഊറ്റുകുഴി വേലു എന്ന പോത്ത്. കേരളത്തില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും വലിയ നാടന്‍ പോത്ത് വേലുവാണെന്നാണ് കൊല്ലത്തുകാര്‍ അവകാശപ്പെടുന്നത്. ഹരിയാനയിലെ മുറെ എന്ന ഇനത്തില്‍പെട്ട പോത്ത് 2015 ജനുവരി 18ന് കരുനാഗപ്പള്ളിയിലെ തഴവയിലാണ് ജനിച്ചത്. ഒരു ടണ്ണിലേറെ ഭാരമുള്ള പോത്തിന് 25 ലക്ഷത്തിലേറെ രൂപ നല്‍കാമെന്ന് പലരും പറഞ്ഞിട്ട് ഉടമായായ അന്‍വല്‍ വില്‍ക്കാന്‍ തയ്യാറായില്ല. രാവിലെ 10 മുട്ടയും 10 കിലോഗ്രാം തണ്ണിമത്തന്‍, പിണ്ണാക്ക് എന്നിവയാണ് ആഹാരം, വൈകുന്നേരവും 10 മുട്ടയും 15 തണ്ണിമത്തനും 10 കിലോഗ്രാം പിണ്ണാക്കും നല്‍കും. മറ്റ് പോത്തുകളെപ്പോലെ പുല്ലും വൈക്കോലുമൊന്നും ഊറ്റുകുഴി വേലു കഴിക്കാറേയില്ല. രണ്ടായിരം രൂപ വരെയാണ് ഇതിനായി ഒരു ദിവസം ചിലവഴിക്കുന്നത്. കൊല്ലത്തെ പല ആഘോഷങ്ങളിലെയും മത്സരങ്ങളിലെയും സാന്നിദ്ധ്യം കൂടിയാണ് വേലു. ഇത്രയൊക്കെയാണെങ്കില്‍ അതീവ ശാന്തനാണ് വേലു.