പാലക്കാട് നടക്കാനിരുന്ന സംസ്ഥാന സർക്കാർ പരിപാടിയായ സർഗവിദ്യാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ നിന്ന് എം ടി പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് എംടി സംഘാടകരെ അറിയിച്ചത്. 

പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഷന്‍ നേരിട്ട എം എല്‍ എ പി കെ ശശിയ്ക്കൊപ്പം സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വേദി പങ്കിടില്ല. പാലക്കാട് നടക്കാനിരുന്ന സംസ്ഥാന സർക്കാർ പരിപാടിയായ സർഗവിദ്യാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ നിന്ന് എം ടി പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് എംടി സംഘാടകരെ അറിയിച്ചത്. 

അതേസമയം ലൈംഗിക പീഡ‍നപരാതിയിൽ ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ വെള്ളപൂശുന്ന സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മണ്ണാ‍ർക്കാട് എരിയാ കമ്മിറ്റി ഓഫീസിൽ വച്ച് ശശി മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, യുവതി സ്വമേധയാ അല്ല പരാതികൊടുത്തതെന്നും ആരുടെയോ പ്രയരണയ്ക്ക് വശംവദയായാണ് പരാതി നല്‍കിയതെന്നും ചില സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. 

സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതും പെൺകുട്ടി പരാതി നൽകാൻ വൈകിയതും ചൂണ്ടിക്കാട്ടി പി കെശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷന്‍ വൈകിച്ചിരുന്നു. എന്നാല്‍, യുവതി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ സംസ്ഥാന നേതൃത്വത്തിന് പി കെ ശശിക്കെതിരെ നടപടിയെടുക്കാതെ കഴിയില്ലെന്നായി. ഇതേ തുടര്‍ന്നായിരുന്നു നടപടി. പാര്‍ട്ടിയുടെ പ്രഥമികാംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് പി കെ ശശിയെ സസ്പെന്‍ഷന്‍റ് ചെയ്യുകയായിരുന്നു. 

എന്നാല്‍, ശശിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി അന്വേഷണ സിപിഎം അന്വേഷണ കമ്മീഷൻ പി കെ ശ്രീമതി രംഗത്തെത്തി. ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരില്ലെന്നും ഇപ്പോള്‍ പുറത്ത് വരുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി.