വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് നല്‍കിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. പറയാനുളളത് ചൊവ്വാഴ്ച കോടതിയില്‍ അറിയിക്കുമെന്നും നികേഷ് വ്യക്തമാക്കി
കൊച്ചി: കെ എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ ലഭിച്ച നടപടി സ്വാഭാവികം മാത്രമെന്ന് എം വി നികേഷ് കുമാര്‍. രണ്ടര കൊല്ലമായി നടത്തുന്ന പോരാട്ടം ഇനിയും തുടരും. സ്റ്റേയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നികേഷ് പറഞ്ഞു.
വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് നല്‍കിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. പറയാനുളളത് ചൊവ്വാഴ്ച കോടതിയില്‍ അറിയിക്കുമെന്നും നികേഷ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം സ്റ്റേയില്‍ ആശ്വാസമില്ലെന്നും തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം നടത്തിയെന്ന കോടതി പരാമർശം മാറ്റി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷാജി വ്യക്തമാക്കി. വിധിയ്ക്ക് പിന്നിൽ എം.വി.നികേഷ് കുമാറിന്‍റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എംഎൽഎയുണ്ടാകില്ല. ഈ സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജി ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബഞ്ചിന് മുമ്പാകെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഷാജി ഹർജി നൽകിയത്.
