തീർത്ഥാടനം സുഗമമാക്കാൻ മക്കയിലും മദീനയിലുമുള്ള താമസ-, വാണിജ്യ കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സൗദി ഭരണകൂടം ഒരുങ്ങുന്നു. ഇതിനായി പ്രത്യേക കമ്പനികള്‍ രൂപീകരിക്കും. വര്‍ഷത്തില്‍ മൂന്നു കോടി വിദേശ തീര്‍ഥാടകരെ മുന്നില്‍ കണ്ടു കൊണ്ടുള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും.

കൂടുതല്‍ വിദേശികള്‍ക്ക് തീര്‍ഥാടനത്തിനു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സൗദി പബ്ലിക്‌ ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടിന് കീഴില്‍ രണ്ടു കമ്പനികള്‍ രൂപീകരിക്കാനാണ് തീരുമാനം. മക്കയുടെയും മദീനയുടെയും വികസനങ്ങള്‍ക്കായി പ്രത്യേക കമ്പനികള്‍ രൂപീകരിക്കും. ഹറം പള്ളികള്‍ക്ക് ചുറ്റും കൂടുതല്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുക, വാണിജ്യ കേന്ദ്രങ്ങള്‍ വിപുലീകരിക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.2030 ആകുമ്പോഴേക്കും മക്കയില്‍ വര്‍ഷത്തില്‍ മൂന്നു കോടിയും മദീനയില്‍ 2.3 കോടിയും വിദേശ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത് മുന്നില്‍ കണ്ടാണ്‌ പുതിയ വിപുലീകരണ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഒന്നര ലക്ഷം പുതിയ ഹോട്ടല്‍ മുറികള്‍ ഇരു നഗരങ്ങളിലുമായി നിലവില്‍ വരും. മക്കയില്‍ ആദ്യഘട്ടത്തില്‍ 854,000 സ്ക്വയര്‍ മീറ്ററില്‍ 115 കെട്ടിടങ്ങളിലായി എഴുപതിനായിരം ഹോട്ടല്‍ മുറികള്‍ പണിയും. ദിനംപ്രതി 310,000തീര്‍ഥാടകര്‍ക്ക് കൂടി ഇവിടെ താമസിക്കാം. മദീനയില്‍ പതിമൂന്നു ലക്ഷം സ്ക്വയര്‍ മീറ്ററില്‍ എണ്‍പതിനായിരം ഹോട്ടല്‍ മുറികളാണ് ആദ്യഘട്ടത്തില്‍ പണിയുന്നത്. ഇവിടെ രണ്ടു ലക്ഷം തീര്‍ഥാടകര്‍ക്ക് താമസിക്കാം. മക്കയിലും മദീനയിലും പുതിയ സാംസ്കാരിക കേന്ദ്രങ്ങളും, മ്യൂസിയങ്ങളും പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. പുതിയ പദ്ധതിയില്‍ 3,60,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വര്ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2023-ല്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.