എൻമാർഷ് പാർട്ടി നേതാവും മിതവാദിയുമായ ഇമ്മാനുവൽ മക്രോൺ ഫ്രഞ്ച് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്പത്തിക ഉദാരീകരണത്തെ പിന്തുണയ്ക്കുന്ന ഇടത് അനുഭാവിയുമാണ് മക്രോൺ. തീവ്ര വലതുപക്ഷവാദിയായ മറി ലിയു പെനിനെതിരെ ആധികാരിക വിജയമാണ് മക്രോൺ നേടിയത്.
34.5% വോട്ടിനെതിരെ 64.5% വോട്ട് നേടിയാണ് 39 കാരനായ മക്രോൺ ഫ്രാൻസിൻറെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ചയാണ്. മെയ് 14ന് നിലവിലെ പ്രസിഡൻറ് ഫ്രാൻസ്വ ഒളോന്ദിൻറെ കാലാവധി അവസാനിക്കുകയാണ്. അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ ഇമ്മാനുവൽ മക്രോൺ അധികാരമേൽക്കും. ഫ്രാൻസിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇടത്, വലത് കക്ഷികളായ റിപ്പബ്ലിക്കൻ, സോഷ്യലിസ്റ്റ് പാർട്ടികൾക്ക് പുറത്തുനിന്ന് ഒരാൾ പ്രസിഡൻറ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ഇടത് സ്ഥാനാർത്ഥി ഷോൺ ലുക് മിലാഷോണും വലതുപക്ഷ സ്ഥാനാർത്ഥി ഫ്രാൻസ്വ ഫിയോനും ഉൾപ്പെടെ 9 പേർ നേരത്തേതന്നെ പുറത്തായിരുന്നു. യൂറോപ്പിൻറെ ഭാവിയെത്തന്നെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ യൂറോപ്യൻ യൂണിയൻ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണം എന്ന പക്ഷക്കാരി ആയിരുന്നു പരാജയപ്പെട്ട സ്ഥാനാർത്ഥി മറീ ലിയൂ പെൻ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ യൂറോയുടെ മൂല്യവും ഉയർന്നു. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം ഇതാദ്യമായാണ് യൂറോയുടെ മൂല്യം ഉയരുന്നത്.
