താന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. നാട്ടിലേക്ക് വരാന്‍ തന്റെ ഭാരത്തേക്കാള്‍ വലിയ വിലയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ചോദിച്ചത്. സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തിയ മദനി അന്‍വാര്‍ശേരിയിലെത്തി മാതാപിതാക്കളെ കണ്ടു.

നെടുമ്പാശേരിയില്‍ നിന്നും റോഡ് മാര്‍ഗം കൊല്ലത്തെത്തിയ മദനി, രോഗ ബാധിതരായ മാതാപിതാക്കളെ സന്ദര്‍ശിച്ചു. പതിനഞ്ച് മിനിട്ട് നേരം മാതാപിതാക്കളോടൊപ്പം ചെലവഴിച്ച മദനി പ്രാര്‍ത്ഥന നടത്തിയ ശേഷം അന്‍വാര്‍ശേരിയിലേക്ക് പോയി. ആവേശത്തോടെയാണ് പിഡിപി പ്രവര്‍ത്തകരും അന്‍വാറശേരിയിലെ കുട്ടികളും മദനിയെ സ്വീകരിച്ചത്. ഇന്ന് അന്‍വാര്‍ശേരിയില്‍ പി.ഡി.പി പ്രവര്‍ത്തകരെയും മറ്റ് നേതാക്കളെയും മദനി കാണും. നാളെ ഉച്ചയോടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രെയിന്‍ മാര്‍ഗം മദനി തലശേരിയിലേക്ക് പോകും. വെള്ളിയാഴ്ച കൊല്ലം ഠൗണ്‍ ഹാളില്‍ നടക്കുന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ മുഖ്യമന്ത്രുയുള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചു.