വനിതാ കമ്മീഷൻ അദാലത്ത് കേസുകള്‍ തീർപ്പാകുന്നില്ല കക്ഷികള്‍ ഹാജരാകുന്നില്ല

തിരുവനന്തപുരം: കയ്യിലുള്ള തിരിച്ചറിയല്‍ രേഖകളൊക്കെ മോഷണം പോയപ്പോള്‍ പരാതികളും പരിഭവങ്ങളുമായി എത്തിയതാണ് വെമ്പായം സ്വദേശി മാധവിയമ്മ. തിരുവനന്തപുരത്ത് നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് പരാതിയുമായി മാധവിയമ്മ എത്തിയത്.

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയൊന്നും ഈ 85 വയസുകാരിയുടെ കയ്യിലില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് മോഷണം പോയതോടെ ചികിത്സക്ക് ബുദ്ധിമുട്ടുകയാണ് മാധവിയമ്മ. മരുമകന്‍ ജയകുമാര്‍ മോഷ്ട്ടിച്ചെന്നാണ് മാധവിയമ്മയുടെ പരാതി. പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് മാധവിയമ്മ പറയുന്നു. വനിതാ കമ്മീഷനും പരാതി നല്‍കി. രാവിലെ അദാലത്തിനെത്തി കാത്തിരുന്നെങ്കിലും എതിര്‍ കക്ഷി വന്നില്ല.

എതിര്‍കക്ഷികളോ പരാതിക്കാരോ ഹാജരാകാത്തതിനാല്‍ എഴുപതിലേറെ കേസുകളാണ് അദാലത്തില്‍ ഇങ്ങനെ തീര്‍പ്പുകല്‍പ്പിക്കാതെ മാറ്റിവെച്ചത്. 150 പരാതികളാണ് ഇത്തവണ കിട്ടിയത്. ഇതില്‍ 51 എണ്ണം തീര്‍പ്പാക്കി. പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് 12 പരാതികള്‍ മാറ്റിവെച്ചിട്ടുമുണ്ട്.