പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിനെ നവ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെയും കേസെടുക്കും. പൊലീസ് അന്വേഷണം തുടങ്ങി. കൊലക്കേസില്‍ അറസ്റ്റിലായ പതിനാറ് പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന ആരോപണത്തില്‍ വനം വകുപ്പ് വിജിലന്‍സ് വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കി. മധുവിന്റെ താമസ്ഥലം കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പ്രതികള്‍ പറഞ്ഞു. അതേസമയം, മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട് മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.